……..🖋️എം.സി.വസിഷ്ഠ്
⚽ നമ്മുടെ നാടും നഗരവും ഫുട്ബാള്‍ ലഹരിയിലാണ്. ലോകകപ്പ് നടക്കുന്ന സമയത്ത് ഫുട്ബാള്‍ ആവേശം അതിന്റെ കൊടുമുടിയിലെത്തിയിരിക്കുകയാണ്. നമ്മുടെ സ്‌കൂളുകളില്‍, കോളേജുകളില്‍, ക്ലബ്ബുകളില്‍, കവലകളില്‍ ലോക കപ്പ് ഫുട്ബാളിന്റെ ആവേശം ജ്വലിച്ചുയുരകയാണ്. നമ്മുടെ തെരുവുകളില്‍ വിവിധ രാജ്യങ്ങളുടെ, വിവിധ നിറങ്ങളിലുള്ള പതാകകള്‍ പാറിപ്പറക്കുന്നു. വിശ്വപ്രശസ്തരായ, ഇതിഹാസ ഫുട്ബാള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഉയരുന്നു. ഈ ഫുട്ബാള്‍ ആവേശത്തിന്റെ ഏറ്റവും വലിയ ഒരു സവിശേഷത അതിലെ സ്ത്രീ സാന്നിദ്ധ്യമാണ്
ലോകകപ്പിന്റെ മുന്നോടിയായും ലോകകപ്പ് നടക്കുന്ന ഈ സന്ദര്‍ഭത്തിലും നമ്മുടെ വിവിധ സ്‌കൂളുകളിലും കലാലയങ്ങളിലും ലോകകപ്പ് ഫുട്ബാളിന്റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് നിരവധി പരിപാടികള്‍, നൃത്ത സംഗീത പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്, സംഘടിപ്പിക്കപ്പെടുന്നുമുണ്ട്. മിക്ക വിമന്‍സ് കോളേജുകളിലും ഗേള്‍സ് സ്‌കൂളുകളിലും ലോകകപ്പിനെ വരവേല്‍ക്കാനായി പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ഇതില്‍ പെണ്‍കുട്ടികളും വളരെ താല്പര്യത്തോടെ, ആവേശത്തോടെയാണ് പങ്കെടുത്തതും.
വിവധ രാജ്യങ്ങളുടെ വര്‍ണ്ണാഭമായ കൊടികള്‍ വീശിക്കൊണ്ട്, വിവിധ കളറുകളിലുള്ള ജേഴ്സികളിട്ടുകൊണ്ട് അവര്‍ ഫുട്ബാള്‍ ഗാനങ്ങള്‍ക്ക് ചുവടുകള്‍ വെക്കുകയുണ്ടായി. മിക്സഡ് സ്‌കൂളുകളിലും മിക്സഡ് കോളേജുകളിലും നടന്ന പരിപാടികളിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെത്തന്നൈ താല്പര്യപൂര്‍വ്വം പങ്കെടുക്കുകയുണ്ടായി. ഇതിനൊക്കെ പുറമെ ശ്രദ്ധേയമായ വസ്തുത നമ്മുടെ പൊതു ഇടങ്ങളിലെ ഫുട്ബാള്‍ പ്രദര്‍ശനങ്ങളിലെ ശക്തമായ സ്ത്രീസാന്നിദ്ധ്യമാണ്.

നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചുകൊണ്ട് ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി വിവിധ ക്ലബ്ബുകളും സ്ഥാപനങ്ങളും ഫുട്ബാള്‍ പ്രേമികള്‍ക്കായി അവതരിപ്പിക്കുന്നു. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് അര്‍ജന്റീനക്കും ബ്രസീലിനുമാണ്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും മിക്ക കളികളും രാത്രി പന്ത്രണ്ടര മണിക്കാണ്. എന്നാല്‍ പന്ത്രണ്ടര മണിക്ക് ആയിരക്കണക്കിന് ആളുകള്‍, സ്ത്രീകളും പുരുഷന്മാരും, അല്ലെങ്കില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വന്‍ ആവേശത്തോടുകൂടിയാണ് ഇത്തരം പൊതു ഇടങ്ങളിലെ കളിസ്ഥലത്തെത്തുകയും തങ്ങളുടെ ടീമുകള്‍ക്കുവേണ്ടി, കളിക്കാര്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും ചെയ്തത്.

ഈ ലോകകപ്പ് ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. പുരുഷന്മാര്‍ കളിക്കുന്ന, പുരുഷന്മാര്‍ മാത്രം കാണുന്ന, പുരുഷന്മാര്‍ മാത്രം ആസ്വദിക്കുന്ന ഒരു കളിയല്ല ഫുട്ബാള്‍. ഫുട്ബാളില്‍ പുരുഷനോടൊപ്പം തന്നെ അതിന്റെ ആസ്വാദകരായി സ്ത്രീകളുമുണ്ട് എന്നത് ഈ ലോകകപ്പ് അടിവരയിടുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ തെക്കേ ഗ്യാലറിയുടെ ചെറിയൊരു ഭാഗം സ്ത്രീകള്‍ക്കും പെണ്‍കുട്ടികളുമായി ഒരുക്കിയിട്ടിരുന്നു. ആ ഭാഗത്ത് തിങ്ങിനിറഞ്ഞ സ്ത്രീകള്‍ നമ്മുടെ ഫുട്ബാള്‍ ആസ്വദിക്കുന്നതിന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇനി ഇങ്ങനെയൊരു കാലം കേരളത്തില്‍ ഉണ്ടാവുമോ എന്നായിരുന്നു ആ ഫോട്ടോ ഷെയര്‍ ചെയ്ത പലരും ഫേസ്ബുക്കിലും വാട്സ്ആപ്പിലും ചോദിച്ചത്. പക്ഷേ, അവരുടെ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു,വളരെ പെട്ടെന്നുതന്നെ. ഫുട്ബാളിന്റെ ആരാധികമാരായ ഒരു സ്ത്രീ സമൂഹം കേരളത്തില്‍ ഉണ്ട്, അവര്‍ ഇതാ പൊതു ഇടങ്ങളില്‍ വന്നുകൊണ്ട് ഫുട്ബാള്‍ ആസ്വദിക്കുന്നു. ഫുട്ബാളിനുവേണ്ടി ആര്‍ത്തുവിളിക്കുന്നു.

ലോകത്ത് പുരുഷന്മാര്‍ക്കെന്ന പോലെ വനിതകൾക്കും ലോക കപ്പ് ഫുട്ബാൾ ടൂർണമെൻ്റ് ഉണ്ടെങ്കിലും ലോകമെമ്പാടും ആരാധകര്‍ പുരുഷ ലോകകപ്പിനാണ്. പുരുഷ ലോകകപ്പിന് ലഭിച്ച അംഗീകാരവും ആവേശവും വനിതാ ലോകകപ്പിന് ലഭിക്കണം. വനിതാ ലോകകപ്പിന്റെ സമയത്തും അതിനെ സ്വാഗതം ചെയ്യുന്ന ബാനറുകളും ഫ്ളക്സുകളും കട്ടൗട്ടുകളും നമ്മുടെ തെരുവുകളില്‍ നിറയണം. വനിതാ ഫുട്ബാള്‍ ടീമുകളുടെ കളികള്‍ പ്രദര്‍ശിപ്പിക്കുന്നിടത്ത് സ്ത്രീകളും പുരുഷന്മാരും, അല്ലെങ്കില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ ഇരുന്ന് കളി ആസ്വദിക്കുന്ന ഒരു സാഹചര്യം ഉണ്ടാവട്ടെ.
ഫുട്ബാള്‍ ഇനി പുരുഷന്റെ കരുത്തിന്റെ കളിയല്ല, ഫുട്ബാളിന് പുരുഷ ആരാധകരോടൊപ്പം വനിതാ ആരാധകരുമുണ്ട്.
ആണ്‍കുട്ടികളോടൊപ്പം തന്നെ പെണ്‍കുട്ടികളും സ്ത്രീകള്‍ ഫുട്ബാളിനോട് കാണിക്കുന്ന ആവേശം അങ്ങേയറ്റം സന്തോഷകരമാണ്. ഈ കാഴ്ചകള്‍ ഇനിയും തുടരട്ടെ. എല്ലാ അര്‍ത്ഥത്തിലും ലിംഗസമത്വമെന്ന ആശയം നമ്മുടെ സമൂഹത്തില്‍ ശക്തിപ്പെടട്ടെ.
നമ്മുടെ നാട്ടില്‍ മിക്ക സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികളുടെ ടീമിനോടൊപ്പം തന്നെ പെണ്‍കുട്ടികളുടെ ഫുട്ബാള്‍ ടീമുകളുമുണ്ട്. എന്നാല്‍ ആണ്‍കുട്ടികളുടെ സാന്നിദ്ധ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ പെണ്‍കുട്ടികളുടെ സാന്നിദ്ധ്യം തുലോം കുറവാണ്. ഇനിയുള്ള നാളുകളില്‍ ഇതിനൊരു മാറ്റമുണ്ടാകട്ടെ. ആണ്‍കുട്ടികളുടെ ടീമിനെപ്പോലെ, അഥവാ പുരുഷന്മാരുടെ ടീമിനെപ്പോലെ ശക്തമായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഫുട്ബാള്‍ ടീമുകള്‍ കേരളത്തില്‍ നിന്നുണ്ടാവട്ടെ.












