Latest

ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നു മുതല്‍

Nano News

ദില്ലി:ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ചെലവേറും. ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്കുകള്‍ ദേശീയ പാത അതോറിറ്റി പരിഷ്‌കരിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ നിരക്ക് പ്രകാരം പാസ് തുക 3,000 രൂപയില്‍ നിന്നും 3,075 രൂപയായി ഉയരും. പുതുക്കിയ നിരക്കുകള്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയപാത ഫീസ് ചട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിരക്ക് വര്‍ധന നടപ്പിലാക്കുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.
സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രം
കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്കാണ് ഈ വാര്‍ഷിക പാസ് സൗകര്യം ലഭ്യമാകുക. 2025 ഓഗസ്റ്റ് 15ന് നിലവില്‍ വന്ന ഈ പദ്ധതിക്ക് ചുരുങ്ങിയ കാലയളവിനുള്ളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നിലവില്‍ രാജ്യത്ത് 56 ലക്ഷത്തിലധികം പേര്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

കാലാവധിയും ആനുകൂല്യങ്ങളും
കാലാവധി: പാസ് എടുക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെ അല്ലെങ്കില്‍ 200 ടോള്‍ കടക്കുന്നത് വരെ (ഏതാണോ ആദ്യം വരുന്നത്) ഇതിന് സാധുതയുണ്ടാകും.

ഉപയോഗം:രാജ്യത്തെ ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍ ഈ പാസ് ഉപയോഗിച്ച് കടന്നുപോകാം.

പ്രയോജനം: ഓരോ തവണയും ടോള്‍ നല്‍കുന്നതിനായി റീചാര്‍ജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം എന്നതും യാത്ര സുഗമമാക്കാം എന്നതുമാണ് ഇതിന്റെ പ്രത്യേകത.

പാസ് എങ്ങനെ എടുക്കാം

നിലവിലുള്ള ഫാസ്ടാഗുമായി ബന്ധിപ്പിച്ചാണ് വാര്‍ഷിക പാസ് എടുക്കേണ്ടത്. ഇതിനായി താഴെ പറയുന്ന വഴികള്‍ സ്വീകരിക്കാം. രാജ്മാര്‍ഗ് യാത്ര ആപ്പ് വഴിയോ എന്‍എച്ച്എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാം. വാഹന നമ്പറും ഫാസ്ടാഗ് ഐഡിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വഴി 3,075 രൂപ അടയ്ക്കുക. പണമടച്ച് ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ പാസ് നിലവില്‍ വരും. ഇത് സംബന്ധിച്ച കണ്‍ഫര്‍മേഷനും ഉപഭോക്താവിന് ലഭിക്കും


Reporter
the authorReporter

Leave a Reply

error: Content is protected !!