കോഴിക്കോട്:ക്യാമ്പസുകളിൽ ആവേശം വാനോളമുയർത്തി ജില്ലയിലെ 100 ൽ പരം കോളേജുകളിൽ സംഘടിപ്പിച്ച ‘പുതുലഹരിക്ക് ഒരു വോട്ട്’ വോട്ടെടുപ്പ്.
ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
250 ൽ പരം ബൂത്തുകളാണ് ഒരുക്കിയിരുന്നത്. വോട്ടെടുപ്പിന് കോളേജിൽ നിശ്ചയിച്ച പ്രിസൈഡിങ്ങ് ഓഫീസർമാരും പോളിങ്ങ് ഓഫീസർമാരും നേതൃത്വം നൽകി.
കെ.എം.സി.ടി. കോളേജ് ഓഫ് നഴ്സിങ്ങ്, തിരുവമ്പാടി അൽഫോൻസ കോളേജ്, സി.ഐ.സി.എസ്. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, കടമേരി റഹ്മാനിയ അറബിക് കോളേജ്, കെ.ഇ.ടി. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, കെ.എം.സി.ടി. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ എന്നീ കോളേജുകൾ 95% ലധികം പോളിങ്ങ് നടത്തി.
ജനപ്രതിനിധികൾ, ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഐ.എ.എസ്., ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മീഷണർ അനുപം മിശ്ര, സബ് കലക്ടർ ചെത്സാസിനി ഐ.എ.എസ്., ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, മറ്റു ഉയർന്ന റവന്യു ഉദ്യോഗസ്ഥർ എന്നിവർ വിവിധ പോളിങ്ങ് കേന്ദ്രങ്ങൾ സന്ദർശിച്ചു.
വോട്ടെടുപ്പിന്റെ മുന്നോടിയായി ഫ്ലാഷ് മോബ്, ബോധവത്കരണ സെഷനുകൾ, ചർച്ചകൾ, സന്ദേശ പ്രചാരണങ്ങൾ, പോസ്റ്റർ പ്രദർശനം, റാലികൾ, നാടക അവതരണങ്ങൾ തുടങ്ങി വിവിധങ്ങളായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് നടത്തിയ പ്രതിജ്ഞയിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി.
കനത്ത പോളിങ്ങ് നടത്തി വൊട്ടെടുപ്പ് വമ്പിച്ച വിജയമാക്കിയ മുഴുവൻ പേരെയും ജില്ലാ കലക്ടർ പ്രത്യേക അഭിനന്ദനമറിയിച്ചു.