താമരശ്ശേരി: കേരളാ സ്റ്റോറി സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എൽ.ഡി.എഫും , യു .ഡി.എഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദും, ഇസ്ളാമിക് സ്റ്റേറ്റ് റിക്രൂട്ട്മെൻ്റും തമസ്കരിക്കുകയാണെന്ന് എൻ ഡി എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം ലീഗിൻ്റെയും, ജമാ അത്തെ ഇസ്ളാമിയുടെയും, പോപ്പുലർ ഫ്രണ്ടിൻ്റെയും സമ്മർദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്. കേരളാ സ്റ്റോറി നടന്ന കഥയാണ്.അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരാണ്. വർഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാൻ പോകുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശ്ശേരി ബിഷപ്പ് അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.