ദുബായ്: യു.എ.ഇ ലോട്ടറിയുടെ ബംപർ സമ്മാനം വീണ്ടും ഇന്ത്യക്കാരന് ലഭിച്ചതായി റിപ്പോർട്ട്. യു.എ.ഇ ലോട്ടറിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്മാനമായ 78 കോടിയോളം രൂപ (30 ദശലക്ഷം ദിർഹം) ഇന്ത്യക്കാരന് ലഭിച്ചെന്നാണ് വിവരം. ഈ ഭാഗ്യവാൻ മലയാളിയാണെന്നും സംശയമുണ്ട്. ജേതാവിൻ്റെ പേരിന്റെ ആദ്യഭാഗമാണ് മലയാളിയാണെന്ന സംശയത്തിന് ഇടയാക്കിയത്. സുനിൽകു എസ് എന്നാണ് വിജയിയെ കുറിച്ച് അധികൃതർ വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയത്. ഇത് സുനിൽകുമാർ എന്ന പേരാകാനാണ് സാദ്ധ്യതയെന്നാണ് മലയാളികളായ പ്രവാസികൾ വിലയിരുത്തുന്നത്. അതേസമയം വിജയി തമിഴ്‌നാട്ടുകാരൻ ആകാനും സാദ്ധ്യതയുണ്ട്.
ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് പ്രവാസിക്ക് കോടികളുടെ ഭാഗ്യസമ്മാനം ലഭിച്ചത്. കഴിഞ്ഞ വർഷം യു.എ.ഇ ലോട്ടറിയുടെ 100 ദശലക്ഷം ദിർഹം അനിൽകുമാർ ബൊല്ലയെന്ന ഇന്ത്യക്കാരനെയാണ് തേടിയെത്തിയത്. അതിന് ശേഷം മറ്റൊരു ബമ്പർ സമ്മാനമാണ് ഇന്ത്യൻ പ്രവാസിക്ക് ഇപ്പോൾ ലഭിച്ചത്. വരും ദിവസങ്ങളിൽ വിജയിയുടെ പൂർണവിവരങ്ങളും പൗരത്വവും ലോട്ടറി അധികൃതർ ഔദ്യോഗികമായി പുറത്തുവിടും.അതേസമയം രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം ഈ വാരം ആർക്കും ലഭിച്ചില്ല. ഈ തുക അടുത്ത നറുക്കെടുപ്പിലേക്ക് മാറ്റിവച്ചു. മൂന്നാംസമ്മാനമായ ഒരു ലക്ഷം ദിർഹം വീതം രണ്ടുപേർക്ക് ലഭിച്ചു. 50000 ദിർഹം വിതം ഉറപ്പുനൽകുന്ന പ്രത്യേക വറുക്കെടുപ്പിലൂടെ മൂന്നുപേരും സമ്മാനത്തിന് അർഹരായി.










