കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ രചയിതാക്കൾക്ക് സമൻസ് അയക്കാൻ ഉത്തരവ്. ‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്കത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും പ്രസാധകനായ എ.വി. ശ്രീകുമാറിനും സമൻസ് അയക്കാനാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടത്. ഓഗസ്റ്റ് നാലാം തീയതി കേസ് വീണ്ടും പരിഗണിക്കും.പുസ്തകത്തിനെതിരേ എംടി വാസുദേവൻ നായരുടെ മക്കളായ സിതാരയും അശ്വതി നായരും നേരത്തേ പരസ്യമായി രംഗത്തെത്തിയിരുന്നു. എംടിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചാണ് പുസ്തകം രചിച്ചിരിക്കുന്നതെന്നും പുസ്തകത്തിലെ കാര്യങ്ങൾ വാസ്തവവിരുദ്ധവും അസത്യവുമാണെന്നുമായിരുന്നു എംടിയുടെ കുടുംബാംഗങ്ങളുടെ ആരോപണം.










