കോഴിക്കോട്:കമ്മ്യൂണിസമാണ് ലോകത്തിലെ ഏറ്റവും വലിയതും വിനാശകരവുമായ മിത്തെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.ബി.ജെ.പി.ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ബൂത്ത് ദർശൻ യാത്രയുടെ ജില്ലാതല ഉദ്ഘാടനം രാമനാട്ടുകര മണ്ഡലത്തിലെ കടലുണ്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ പോലും അത് നടപ്പായിട്ടില്ല പക്ഷെ കമ്മ്യൂണിസത്തിൻ്റെ പേരിലാണ് ലോകത്ത് ഏറ്റവും കൂടുതൽ ക്രൂര കൃത്യങ്ങൾ അരങ്ങേറിയിട്ടുളളത്. “ദി. ബ്ലാക്ക് ബുക്ക് ഓഫ് കമ്മ്യൂണിസം” എന്ന പുസ്തകത്തിലൂടെയാണ് കമ്മ്യൂണിസത്തിൻ്റെ പേരിൽ അരങ്ങേറിയ ഭീകരമായ ക്രൂരകൃത്യങ്ങളും അടിച്ചമർത്തലുകളും ലോകം അറിയുന്നത് ലോകമഹായുദ്ധങ്ങളിൽ മരിച്ചവരേക്കാൾ എത്രയോ മടങ്ങ് ജനങ്ങൾ കൊല്ലപ്പെട്ടത് കമ്മ്യൂണിസത്തിൻ്റെ പേരിലാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പൊതുസിവിൽകോഡിനെ പോലും എതിർക്കുന്നവരാണ് ശാസ്ത്ര ബോധവും പുരോഗമനവും പഠിപ്പിക്കാനിറങ്ങുന്നതെന്നും സി.പി.എമ്മിൻ്റെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുമെന്നും വി.കെ.സജീവൻ പറഞ്ഞു.
എല്ലാ നേതാക്കളും രണ്ട് ദിവസം പൂർണ്ണമായും ബൂത്തുകളിൽ നടത്തുന്ന സമ്പർക്ക പരിപാടിയുടെ ഭാഗമായി കടലുണ്ടിയിലെ 173-ാം ബൂത്തിൽ നടന്ന സമ്പർക്കത്തിൽ മണ്ഡലം പ്രസിഡൻ്റ് ചാന്ദ്നി ഹരിദാസ്, പട്ടിക മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് സിദ്ധാർത്ഥൻ അരിമ്പിടാവിൽ, ജനറൽ സെക്രട്ടറിമാരായ പ്രേമാനന്ദൻ ചെമ്മഞ്ചേരി, ശ്രീജിത്ത് കൊടപ്പുറത്ത്, ഏരിയ പ്രസിഡൻ്റ് വിവേകാനന്ദൻ കൊടകണ്ടത്തിൽ, ബൂത്ത് പ്രസിഡൻ്റ് പ്രസീത അണ്ടിപ്പറ്റ്, കൃഷ്ണൻ അരിമ്പിടവിൽ, എന്നിവർ ഒപ്പമുണ്ടായിരുന്നു.