കോഴിക്കോട് : ഇന്ത്യയിലെ തുറമുഖങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത സാഗർ മാല പ്രൊജക്ടിൽ ബേപ്പൂർ തുറമുഖവും ഉൾപ്പെടുത്തണമെന്ന
ആവശ്യവും
ലക്ഷദ്വീപിലേക്കുള്ള പാസഞ്ചർ കപ്പൽ എത്രയും വേഗം പുന:രാരാംഭിക്കണമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി നേതൃത്വത്തിൽ നടന്ന തുറമുഖവുമായി ബന്ധപ്പെട്ടവരുടെ സംവാദത്തിൽ ഉയർന്നു വന്നു.
സാഗർ മാല പ്രൊജക്ടിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ബേപ്പൂർ തുറമുഖത്തിന് ആഴ കൂടുതൽ ഉൾപെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമായിരുന്നെന്ന് യോഗം വിലയിരുത്തി.
പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ മെല്ലെ പോക്ക് ബേപ്പൂരിൻ്റെ വിഷയത്തിലും ഉണ്ടായതായും ഇക്കാര്യത്തിൽ അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും എളമരം കരീം എം പി പറഞ്ഞു. ബേപ്പൂർ തുറമുഖ വികസന വിഷയം പാർലിമെൻ്റിൽ സീറോ അവറിൽ അവതരിപ്പിച്ചെന്നും എന്നാൽ സംസ്ഥാന സർക്കാർ മാസ്റ്റർ പ്ലാൻ സമർപ്പിച്ചില്ലന്നാണ് മറുപടി ലഭിച്ചതെന്നും എം കെ രാഘവൻ എം പി വ്യക്തമാക്കിയപ്പോൾ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറായിട്ടുണ്ടെന്ന് മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
കോഴിക്കോട് അറിയപ്പെടുന്നത് തന്നെ തുറമുഖം നഗരം എന്നാണെന്നും എന്നാൽ അതിൻ്റെ പ്രാധാന്യം പരിഗണിക്കാതെ തഴഞ്ഞിരിക്കുകയാണെന്നും മേയർ ഡോ ബീന ഫിലിപ്പ് പറഞ്ഞു.
തുറമുഖത്തിൻ്റെ ആഴം വർദ്ദിപ്പിക്കുന്ന പ്രവർത്തി നടക്കാതെ പോയത് കൃത്യമായി പഠന നടത്താതെ എസ്റ്റിമേറ്റ് തയ്യാറാക്കിയതിനാലെന്ന് വിമർശനം ഉയർന്നു. ആഴം വർദ്ദിപ്പിക്കാൻ തുടങ്ങിയപ്പോൾ ലാട്രൈറ്റ് ( ചെങ്കൽ പാറ ) കണ്ടതാണ് പ്രവർത്തിക്ക് തടസം നേരിട്ടത് എന്നാൽ സാങ്കേതിക വിദ്യ വളർന്ന ഈ കാലഘട്ടത്തിൽ ഇത് വേഗത്തിൽ പരിഹരിക്കാവുന്ന പ്രശ്നമാണെന്നും അതിന് അനുസരിച്ചുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പണി പൂർത്തികരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. തുറമുഖത്തിൻ്റെ ആഴം വർദ്ദിപ്പിക്കുന്നത് അത്ര പ്രയാസമേറിയതല്ലെന്ന് യോഗത്തിൽ സാങ്കേതിക വിദഗ്ദർ അഭിപ്രായപ്പെട്ടു.
മാസ്റ്റർ പ്ലാൻ എത്രയും വേഗം തയ്യാറാക്കി കേന്ദ്ര സർക്കാറിന് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ചേംബർ അഭ്യർത്ഥിച്ചു.
ആരോഗ്യ – വിദ്യാഭ്യാസ വ്യവസായ ആവശ്യങ്ങൾക്ക് ഏറ്റവും അധികം ആശ്രയിക്കുന്നത്
കോഴിക്കോടിനെയാണെന്ന്
എഴുത്തുകാരനും ലക്ഷദ്വീപ് നിവാസിയുമായ ഡോ മുഹമ്മദ് അൽത്താഫ് പറഞ്ഞു.
ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെ ഉൾപ്പെടുത്തി വിപുലമായ യോഗം സംഘടിപ്പിക്കുമെന്ന്
ചേംബർ യോഗത്തിൽ അറിയിച്ചു.
ചേംബർ പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ .സിറാജ്ജുദീൻ ഇല്ലത്തോടി , ട്രഷറർ വിശോഭ് പനങ്ങാട്ട് , വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി , മുൻ പ്രസിഡൻ്റ്മാരായ ഡോ കെ മൊയ്തു ,
എം മുസമ്മിൽ , റഫി പി ദേവസ്യ , സുബൈർ കൊളക്കാടൻ ,
സി ഇ ചാക്കുണ്ണി ,
ഐപ്പ് തോമസ്,
പോർട്ട് ഓഫീസർ ഹരി അച്യുത വാര്യർ, ക്യാപ്റ്റൻ ഹരിദാസ്,
എൻ ഐ ടി രജിസ്റ്റാർ ശ്യാം സുന്ദർ, ഡെപ്യൂട്ടി കമ്മീഷണർ കസ്റ്റംസ് ആനന്ദ് കുമാർ, ഹാർബർ എക്സിക്യുട്ടീവ് എഞ്ചിനീയർ ജയ്ദീപ്
എന്നിവർ പ്രസംഗിച്ചു.