Monday, November 11, 2024
General

കോയമ്പത്തൂരില്‍ മലയാളി യാത്രക്കാരെ ആക്രമിച്ച സംഘത്തില്‍ സൈനികനും


സേലം- കൊച്ചി ദേശീയപാതയില്‍ 4 മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മധുക്കരയില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് നാല് മലയാളികളെ ആക്രമിച്ചത്. സംഭവത്തില്‍ സൈനികനടക്കം നാലുപേര്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ്, രമേശ് ബാബു, വിഷ്ണു, മല്ലേപ്പിള്ളി സ്വദേശി അജയകുമാര്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ വിഷ്ണു മദ്രാജ് റജിമെന്റിലെ സൈനികനാണ്. വിഷ്ണു ജോലി ചെയ്തിരുന്നത് ഉത്തര്‍പ്രദേശില്‍. കഴിഞ്ഞ നാലിനാണ് അവധിക്കെത്തിയത്.

മൂന്നു കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാര്‍ അടിച്ചുതകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായത്. ബെംഗളൂരുവില്‍നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങി മടങ്ങുന്ന വഴിയാണ് ആക്രമണം.

കാറില്‍ കുഴല്‍പ്പണമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കാറുകളും പിടിച്ചെടുത്തു. അക്രമണ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞിട്ടുണ്ട്.


Reporter
the authorReporter

Leave a Reply