മധുര സ്റ്റേഷന് സമീപം ട്രെയിനിൽ വനിതാ ഗാർഡിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. കൊല്ലം സ്വദേശിനി രാഖി(28) ആണ് ആക്രമണത്തിനിരയായത്.
സേലത്ത് നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ഗാർഡ് ആയിരുന്നു രാഖി. അറ്റകുറ്റപ്പണികൾക്ക് ശേഷമായതിനാൽ യാത്രക്കാർ ഇല്ലാതെയാണ് വണ്ടി ഓടിയിരുന്നത്. വൈഗ സ്റ്റേഷനു സമീപത്തെത്തിയപ്പോൾ പ്രായപൂർത്തിയാവാത്ത രണ്ടുപേർ ട്രെയിനിൽ ആക്രമിച്ചു കയറുകയായിരുന്നു.
സിഗ്നൽ ലഭിക്കാൻ കാലതാമസം നേരിട്ടപ്പോൾ വണ്ടി വേഗത കുറച്ച സമയത്താണ് ഇവർ ഓടിക്കയറിയത്. രാഖിയുടെ മൊബൈലും പണവും ഇവർ കവർന്നു. അക്രമത്തിൽ രാഖിക്ക് നിസ്സാരമായ പരിക്കുകളുണ്ട്. പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.