മലപ്പുറം:കേരളത്തിൽ പട്ടികജാതി വിഭാഗത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ, ഭവന, ഭൂമി, സംരംഭകത്വ, നൈപുണ്യ പരിശീലന മേഖലകളിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് പ്രത്യേക പട്ടികജാതി വികസന നയം സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ. വി കെ സജീവൻ ആവശ്യപ്പെട്ടു.

പട്ടികജാതി വിഭാഗങ്ങളോടുള്ള അവകാശ നിഷേധങ്ങൾക്കെതിരെ പട്ടികജാതി മോർച്ച മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടികജാതി വികസനത്തിനായി ബജറ്റിൽ അനുവദിക്കുന്ന ഫണ്ടുകൾ വകമാറ്റി ചിലവഴിക്കുന്നത് അവസാനിപ്പിക്കണം.പട്ടികജാതി വികസന പദ്ധതികൾക്ക് പ്രത്യേക നിയമപരമായ സംരക്ഷണവും ഉണ്ടാകണം. പട്ടികജാതി വിഭാഗത്തിന്റെ സ്കോളർഷിപ്പ്, ലംസം ഗ്രാൻഡ് തുടങ്ങിയ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വൈകിപ്പിക്കുമ്പോൾ അത് പഠനത്തെ പ്രതികൂലമായി ബാധിക്കും എന്ന് മാത്രമല്ല വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും വി.കെ സജീവൻ പറഞ്ഞു.

എസ് സി മോർച്ച ജില്ലാ അധ്യക്ഷൻ വാസു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ബിജെപി മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ, എസ് സി മോർച്ച സംസ്ഥാന ഉപാധ്യക്ഷന്മാരായ സിദ്ധാർത്ഥൻ അരിമ്പിടാവിൽ, കെ സി ശങ്കരൻ, നേതാക്കളായ എം അറുമുഖൻ, കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.










