കോഴിക്കോട്: എച്ച് മഞ്ചുനാഥറാവുവിനെ ഒഴിവാക്കി കോഴിക്കോട് നഗരചരിത്രമെഴുതാനാവില്ലെന്നും മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റുകാരനോടുള്ള അവഗണന കോർപറേഷൻ അവസാനിപ്പിക്കണണെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. കോഴിക്കോടിന്റെ ആദ്യ നഗര പിതാവും സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത എച്ച് മഞ്ചുനാഥറാവുവിനോടുള്ള അവഗണന കോഴിക്കോട് കോർപറേഷൻ അവസാനിപ്പിക്കണമെന്നും നവീകരിച്ച ടൗൺഹാൾ എച്ച് മഞ്ചുനാഥറാവുവിന്റെ സ്മാരകമാക്കണമെന്നും ആവശ്യപ്പെട്ട് നടന്ന ജനകീയ സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവാസ്.
മഞ്ചുനാഥറാവുവിന് സ്മാരകമൊരുക്കാൻ ഇത്തരത്തിലൊരു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കേണ്ടി വരുന്നത് തന്നെ നഗരത്തിന്റെ ഗതികേടാണ്. ആദ്യ മേയറായിരുന്ന വ്യക്തിയോടെയാണ് ഇത്തരം അവഗണനയെന്നത് ഏറെ ഖേദകരമാണ്. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും അശരണരായ തോട്ടി തൊഴിലാളികൾക്ക് ഉൾപ്പെടെ വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വലിയൊരു പണക്കാരനെന്ന പേരിൽ മാത്രം ഒതുക്കപ്പെട്ട് പോവുമായിരുന്ന അദ്ദേഹം ത്യാഗനിർഭരമായ ജീവിതത്തിലൂടെ പോരാട്ട വീര്യത്തിന്റെ പര്യായമായി മാറി. ടൗൺഹാൾ റാവുവിന്റെ സ്മാരകമാക്കണമെന്ന ആവശ്യം നിരന്തരം അവഗണിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ഉചിതമായ സ്മാരകം നഗരത്തിൽ ഉണ്ടാവുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും പി ഗവാസ് വ്യക്തമാക്കി.
ബ്രിട്ടീഷുകാർ രാജ്യം വിട്ടിട്ടും ബ്രിട്ടീഷ് രാജ്ഞിയുടെ പേരിൽ ടൗൺഹാൾ അറിയപ്പെടുന്നത് ഖേദകരമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുൻസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ പറഞ്ഞു. ബ്രിട്ടീഷ് രാജ്ഞിയുടെ പേരിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്ന സ്മാരകങ്ങളെല്ലാം ഇതിനകം പേരുമാറ്റിയിട്ടുണ്ട്. പേര് മാറ്റം സാധിക്കാത്ത കാര്യമല്ലെങ്കിലും ലജ്ജാകരമായ വിധേയത്വം ഇവിടെ ഇപ്പോഴും തുടരുകയാണെന്നും കെ ജി പങ്കജാക്ഷൻ പറഞ്ഞു. കോർപറേഷൻ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ പി വി മാധവൻ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി പി കെ നാസർ, ഇസ്കഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ സി സതീശൻ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ നീനി, സജീന്ദ്രൻ ടി എം ( വർക്കേഴ്സ് കോ-ഓഡിനേഷൻ കൗൺസിൽ) എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ സദാനന്ദൻ സി പി (ഇപ്റ്റ) സ്വാഗതവും ടി വി ബാബു (സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂനിയൻ) നന്ദിയും പറഞ്ഞു. പി അസീസ് ബാബു, സി സുബ്രഹ്മണ്യൻ, യു സതീശൻ, എ ശിവകുമാർ, കെ മഹേശ്വരി, സജീവ് പി എന്നിവർ നേതൃത്വം നൽകി.










