വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ഇന്നു പുലർച്ചെ 12.30ന് പുതുപ്പതി റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. മംഗളുരു -ചെന്നൈ എക്സ്പ്രസിൽ ഇടിച്ചാണ് അപകടമെന്ന് വനം വകുപ്പ് അറിയിച്ചു അപകടത്തെ തുടർന്ന് 20 മിനിറ്റോളം ട്രെയിൻ വനമേഖലയിൽ നിർത്തിയിട്ടു. ചാവടിപ്പാറ ജനവാസ മേഖലയിൽ നിന്നും മടങ്ങിയ കുട്ടിയാനയും അമ്മയാനയുമാണ് ട്രെയിൻ ഇടിച്ചു ചരിഞ്ഞത്.ട്രെയിൻ ഇടിച്ച ശേഷം50 മീറ്ററോളം ആനകളുടെ ജഡം ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ നിലയിലായിരുന്നു. എൻജിന് അടിയിൽ ആനകളുടെ ജഡം കുടുങ്ങി. കേരളത്തിലെയും തമിഴ്നാട്ടിലെയും വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. വാളയാർ സെക്ഷനു കീഴിലാണ് ഈ മേഖല ഉൾപ്പെടുന്നത്. ഈ മേഖലയിലെ റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുകയാണ്. വനമേഖലയിൽ ട്രെയിൻ വേഗം കുറവായതിനാലാണ് പാളം തെറ്റാതിരുന്നതും വലിയ ദുരന്തം ഒഴിവായതും. വാളയാർ റേഞ്ച് ഓഫിസർ ആർ.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള വന വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തി. മാസങ്ങൾക്ക് മുൻപ് വാളയാർ മാൻ പാർക്കിനു പിൻവശത്തും ആന ട്രെയിനിൽ തട്ടി ചരിഞ്ഞിരുന്നു. ഡിആർഎം മധുകർ റൗത്ത് ഉൾപ്പെടെയുള്ള റെയിൽവേ ഉന്നത ഉദ്യോഗസ്ഥ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.










