Latestsports

മലബാർ റിവർ ഫെസ്റ്റിവൽ: ആവേശമായി ഓഫ്റോഡ് ഫൺ റൈഡും വണ്ടിപ്പൂട്ടും

Nano News

മുക്കം: കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടന്ന ഓഫ് റോഡ് ഫണ്‍ റൈഡും കൊടിയത്തൂരില്‍ നടന്ന വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും കാഴ്ചക്കാരില്‍ ആവേശം നിറച്ചു. പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർത്ഥമാണ് ഫണ്‍ റൈഡും വണ്ടിപ്പൂട്ട് മത്സരവും നടന്നത്. സ്റ്റോക്ക്, മോഡിഫൈഡ്, ലേഡീസ്, ടൂ വീൽ ഡ്രൈവ് എന്നീ വിഭാഗങ്ങളിലാണ് ഓഫ് റോഡ് ഫൺ റൈഡ് അരങ്ങേറിയത്. ചെളിയും വെള്ളവും നിറഞ്ഞ ട്രാക്കിലൂടെ വാഹനങ്ങളുടെ സാഹസിക കുതിപ്പ് കാണാൻ നിരവധി പേരാണ് എത്തിയത്.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കെഎൽ 11 ഓഫ് റോഡേഴ്സിന്റെയും കോടഞ്ചേരി തുഷാരഗിരി അഡ്വഞ്ചർ പാർക്കിന്റെയും നേതൃത്വത്തിൽ നടന്ന റൈഡിന്റെ ഫ്ലാഗ് ഓഫ് കോടഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി എന്നിവർ സംസാരിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറുവാടി അഡ്വഞ്ചർ ക്ലബിന്റെയും നേതൃത്വത്തിലാണ് സൗത്ത് കൊടിയത്തൂരിൽ വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും നടന്നത്. ചെളി നിറഞ്ഞ ട്രാക്കിലൂടെ ഫോർ വീൽ വാഹനങ്ങളുടെ സാഹസിക യാത്രയിൽ ആവേശം പകർന്ന് ഉദ്ഘാടകനായ സി കെ കാസിം എംഎൽഎയും ജീപ്പുമായി ഇറങ്ങി. റിവര്‍ ഫെസ്റ്റിവലിന്റെ അനുബന്ധ പരിപാടിയായി മുക്കം നഗരസഭ അഖില കേരള കബ‍ഡി മത്സരവും സംഘടിപ്പിച്ചു. മണാശ്ശേരി ഗവ. യു പി സ്കൂളില്‍ നടന്ന മത്സരം സി കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള ഇരുപത്തിമൂന്ന് പുരുഷ-വനിത ടീമുകൾ പങ്കെടുത്തു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ, ബോസ് ജേക്കബ്, അജു ഇമ്മാനുവൽ, അസീസ് വാർപ്പിൽ, കെ പി ബിന്ദു, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, ഷെരീഫ് വെണ്ണക്കോട്, വി ഗിരിജ, മുഹമ്മദ് നസീം, സെക്രട്ടറി കൃഷ്ണ ഗോപാൽ എന്നിവർ സംബന്ധിച്ചു. സി എ പ്രദീപ് കുമാർ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ചേർന്നാണ് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.


Reporter
the authorReporter

Leave a Reply

error: Content is protected !!