കൊയിലാണ്ടി: മലബാറുകാരുടെ പഴയ ആചാരണങ്ങളിലൊന്നായ കർക്കിടക തലേന്നുള്ള കലിയന് കൊടുക്കൽ ജനകീയ ഉത്സവമായി. ചേമഞ്ചേരി കൊളക്കാട് നാട്ടുകൂട്ടായ്മയുടെ നേതൃത്വത്തിലാണ് കർക്കിടകത്തെ വരവേറ്റത്. ഒരു കാലത്ത് സജീവമായ ചടങ്ങ് ഇന്ന് ചിലയിടങ്ങളിൽ മാത്രമായി ഒതുങ്ങിയിട്ടുണ്ട്. എന്നാൽ കൊളക്കാട് നാട്ടുകൂട്ടായ്മ വർഷങ്ങളായി കലിയന് കൊടുക്കൽ ആഘോഷമാക്കാറുണ്ട്. വാഴത്തട കൊണ്ട് തൊഴുത്ത്, പ്ലാവില കൊണ്ട് പശുക്കൾ, കൂവക്കിഴങ്ങ് കൊണ്ട് തൂമ്പയും കൈക്കോട്ടും കലപ്പയും, വാഴത്തട്ട കൊണ്ട് കോണി, നാക്കിലയിൽ ചോറു കറികളും ഈന്തുകൊണ്ടുള്ള മധുരക്കറിയും അവസാനത്തെ മാങ്ങയും ചക്കയും. . ഇങ്ങനെ പോകുന്ന ഒരുക്കങ്ങൾ. സന്ധ്യാ സമയത്ത് ഇതെല്ലാം നാക്കിലയിൽ എടുത്തുവെച്ച് ചൂട്ടു കറ്റയുടെ വെളിച്ചത്തിൽ കലിയാ, കലിയാ കൂയ് എന്ന വിളയോടെ വീടിന് തെക്കുഭാഗത്തുള്ള പ്ലാവിൻ ചുവട്ടിൽ സമർപ്പിക്കുകയാണ് ചെയ്യുന്നത്. സമൃദ്ധിയും കാർഷിക വിഭവങ്ങളുടെ പൊലിമയും ഉണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് ഇത്തരമൊരു ചടങ്ങ് നടത്തുന്നതെന്ന് നാട്ടുകൂട്ടായ്മ ഭാരവാഹിയായ പ്രകാശൻ കുനിക്കണ്ടി പറഞ്ഞു.

ചേമഞ്ചേരി കൊളക്കാട് യു പി സ്കൂളിൽ നിന്നാരംഭിച്ച കലിയൻ സംഘത്തിന്റെ ഗ്രാമ യാത്രയിൽ വിവിധ പ്രായക്കാരും വ്യത്യസ്ത ജാതി- മതക്കാരുമെല്ലാം ഒത്തു ചേർന്നാണ് ജനകീയ ഉത്സവമായത്. ചൂട്ടുകറ്റകളും ആർപ്പു വിളികളും ചെണ്ടമേളവും കാർഷിക വിഭവങ്ങളുമായി കലിയൻ കോലത്തോടെ കുനിക്കണ്ടി മുക്കിൽ സമാപിച്ചു. കമ്മനക്കണ്ടി ഗോവിന്ദൻ നായർ, റിട്ട. മേജർ പൊന്മന വാസുദേവൻ, മനോജ് തിരൂളി, മണികണ്ഠൻ മേലേടുത്ത്, രാധ ഉപാസന, ഭാസ്കരൻ കമ്മന, ഷിജു, ജിത്തു, ദിനേശൻ, പ്രകാശൻ, സഞ്ജീവൻ കളത്തിൽ, ഷെബീർ, ബാലകൃഷ്ണൻ, രമേശൻ, കളത്തിൽ രാജൻ, ശിവദാസൻ സായ തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ ഇരുപത് വർഷമായി കൊളക്കാട് പ്രദേശത്ത് കലിയൻ ആഘോഷം നടക്കുന്നുണ്ടെന്ന് പ്രകാശൻ കുനിക്കണ്ടി പറഞ്ഞു.










