Latest

പുതുതലമുറ സംസ്‌കൃതിയെ അറിയാതെ പോകുന്നു- സ്വാമി ജിതാത്മാനന്ദ സരസ്വതി

Nano News

കോഴിക്കോട്: പുതു തലമുറ നമ്മുടെ സംസ്‌കൃതിയെ അറിയാതെ പോകുന്നു എന്ന് കോഴിക്കോട് ചിന്മയ മിഷന്‍ മഠാധിപതി സ്വാമി ജിതാത്മാനന്ദ സരസ്വതി മഹാരാജ് അഭിപ്രായപ്പെട്ടു. ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ ജൂലൈ 17 ന് ആരംഭിക്കുന്ന വേദസപ്താഹത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേദങ്ങളുടെ തനിമ നഷ്ടപ്പെടുത്താതെ തന്നെ കാലഘട്ടത്തെ ഉള്‍ക്കൊണ്ട് അവയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. വേദം നിത്യം പഠിക്കണം എന്നാണ് ശ്രീമദ് ശങ്കരാചാര്യര്‍ ഉപദേശിച്ചിരിക്കുന്നത്. അങ്ങനെയുള്ള വേദം ചൊല്ലിക്കേള്‍ക്കുന്നതു തന്നെ പുണ്യമാണ്. സാമ്പ്രദായികമായ വേദപാരായണവും ഇഷ്ടികളും ജ്ഞാനയജ്ഞവും ഒന്നുചേരുന്ന വേദസപ്താഹം എന്തുകൊണ്ടും മാതൃകാപരമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് വേദക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ബി വി വി എസ് (കോഴിക്കോട്) ജനറല്‍ സെക്രട്ടറി ശ്രീ ഗിരീഷ് വി ഗോപാല്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. ആചാര്യശ്രീ രാജേഷ് അനുഗ്രഹഭാഷണം നടത്തി. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റി പി.ടി. വിപിന്‍ ആര്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാശ്യപ സെന്റര്‍ ഫോര്‍ വേദിക് സ്റ്റഡീസ് ഡയറക്ടര്‍ വേദലക്ഷ്മി എം.ആര്‍ ആശംസ പറഞ്ഞു. വേദസപ്താഹം-മുറജപം സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഒ. ബാബുരാജ് വൈദിക് സ്വാഗതവും ട്രഷറര്‍ പി. നിര്‍മല്‍ കുമാര്‍ വൈദിക് നമസ്‌കാരവും പറഞ്ഞു.

ജൂലൈ 17 മുതല്‍ 23 വരെ കക്കോടി ഒറ്റത്തെങ്ങിലുള്ള വേദമഹാമന്ദിരത്തില്‍ വെച്ച് രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് മുറജപത്തോടുകൂടിയ വേദസപ്താഹം നടക്കുന്നത്. വിശിഷ്ടമായ ഇഷ്ടികളും ആചാര്യശ്രീ രാജേഷ് നയിക്കുന്ന ജ്ഞാനയജ്ഞവും വേദസപ്താഹത്തിന്റെ ഭാഗമാണ്. വേദസപ്താഹത്തില്‍ എല്ലാ ഭക്തജനങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാനുള്ള അവസരം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495759634, 9188793181.


Reporter
the authorReporter

Leave a Reply

error: Content is protected !!