Latest

പിഎം ശ്രീ; ആശങ്ക ദൂരീകരിക്കണം – വിസ്ഡം സ്റ്റുഡൻസ്, ദ്വിദിന സംസ്ഥാന കൗൺസിൽ സമ്മേളനത്തിന്  സമാപനം

Nano News

കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്ക സർക്കാർ ദൂരീകരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. 2026 സെപ്തംബർ 11, 12, 13 തിയ്യതികളിൽ പാലക്കാട് സംഘടിപ്പിക്കുന്ന മുപ്പതാമത് പ്രൊഫ്കോൺ – ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിൻ്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.

സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡൻ്റ് ടി മുഹമ്മദ് ശമീൽ അധ്യക്ഷനായി. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചു വിസ്ഡം സ്റ്റുഡൻസ് നടത്തുന്ന ക്യാംപയിൻ ഉദ്ഘാടനം എംകെ രാഘവൻ എംപി ചടങ്ങിൽ നിർവഹിച്ചു. വിസ്ഡം സ്റ്റുഡൻസ് ഹൈക്കു – കരിയർ ഗൈഡൻസ് സെൽ തയ്യാറാക്കിയ വെബ്സൈറ്റ് അഡ്വ. കെ ജയന്ത് എംഎൽഎ പ്രകാശനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ സജ്ജാദ് ആശംസകൾ നേർന്നു.

ലഹരി വിഷയത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതിലൂടെ മികച്ച ഫലമാണ് ഉണ്ടായത്. സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും ഉയർന്ന പ്രതികരണവും പിന്തുണയും ഇത്തരത്തിൽ ഒരു നീക്കത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ്. സർക്കാരിൻ്റെ പ്രതിരോധ – ലഹരി വിരുദ്ധ പ്രചാരണ പരിപാടികളെ കൗൺസിൽ സമ്മേളനം പ്രശംസിച്ചു. എന്നാൽ ഇത്തരത്തിൽ ലഹരി ഉപഭോഗത്തിലും വിൽപനയിലും പിടിക്കപ്പെടുന്നവർക്കും കെണിയിൽ അകപ്പെട്ട് സഹായം തേടുന്നവർക്കും ആവശ്യമായ പിന്തുണ സംവിധാനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും ഉറപ്പാക്കണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഡീ അഡിക്ഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സേവനം തേടുന്നതിൽ നിലനിൽക്കുന്ന അപകർഷത ബോധം നീക്കാനും ക്രിയാത്മകമായ ക്യാംപയിൻ നടത്തണമെന്നും സമ്മേളനം കൂട്ടിച്ചേർത്തു.

വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി സഫ്‌വാൻ ബറാമി, ട്രഷറർ കാബിൽ സിവി, സംസ്ഥാന ഭാരവാഹികളായ ഡോ. ഷഹബാസ് കെ. അബ്ബാസ്, ഡാനിഷ് വണ്ടൂർ, റിഷാദ് അസ്‌ലം പി., മുഹമ്മദ് നുസ്ഹാൻ കെ., സുജൈദ് പാണ്ടിക്കാട്, ഷാമിൽ കെഎം എടവണ്ണപ്പാറ, പി. ഒ. ഫസീഹ് തിരൂരങ്ങാടി, ജസീം പി. പെരിന്തൽമണ്ണ, മുഹമ്മദ് ബിൻ അലവി വളവന്നൂർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

 

 


Reporter
the authorReporter

Leave a Reply

error: Content is protected !!