LatestPolitics

ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കും: സത്യൻ മൊകേരി

Nano News

കോഴിക്കോട്: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കങ്ങളെ ചെറുത്ത് തോല്പിക്കുമെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി. സർവ മേഖലകളിലും രാജ്യത്തെ പിന്നോട്ടടിക്കുകയാണ് മോഡി സർക്കാർ. വർഗീയത അഴിച്ചുവിട്ടുകൊണ്ട് ഫാസിസ്റ്റ് അജണ്ടകൾ നടപ്പാക്കാനാണ് നീക്കം. ഇന്ധന വില വർധനവും പാചകവാതക വില വർധനവുമെല്ലാം ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നു. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം കാരണം ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് സാധാരണക്കാർ. രാമന്റെ പേര് പറഞ്ഞ് വോട്ട് തേടിയവർ ഭരിക്കുന്ന കാലത്താണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ കൊള്ളയുണ്ടായത്. രാമനും മതവും ദൈവങ്ങളുമെല്ലാം ബിജെപിക്ക് അധികാരത്തിലേക്കുള്ള ചവിട്ടു പടി മാത്രമാണ്. എതിരഭിപ്രായങ്ങളെ അന്വേഷണ ഏജൻസികളെ വരെ ഉപയോഗിച്ച് അടിച്ചമർത്തുന്നവർ അയോധ്യയിലെ സംഭവങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി കുന്ദമംഗലം മണ്ഡലത്തിലെ പെരിങ്ങളത്ത് നടന്ന ജില്ലാ സംഘടനാ ക്യാമ്പിന്റെ സമാപന ചടങ്ങിൽ പാർട്ടിയുടെ ദേശീയ പ്രക്ഷോഭവും അനുബന്ധ പരിപാടികളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സത്യൻ മൊകേരി.

ബിജെപി ഇതര സംസ്ഥാനങ്ങളെ അർഹമായ വിഹിതം അനുവദിക്കാതെ ശ്വാസം മുട്ടിക്കുന്ന സർക്കാർ രാജ്യത്തെ ദലിതരെയും പിന്നാക്കക്കാരെയും പൂർണമായും അവഗണിക്കുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ശക്തികൾ വരെ ഇടപെടുന്ന സാഹചര്യത്തിലും ദേശീയതയെക്കുറിച്ച് വാചാലരാവുകയാണ് ഭരണകർത്താക്കൾ. വർഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ചും രാജ്യ സമ്പത്ത് കോർപറേറ്റുകൾക്ക് തീറെഴുതിയും മുന്നോട്ട് പോകുന്ന ഭരണകൂടത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിച്ച പോരാട്ടം അനിവാര്യമാണ്. ഇതിന്റെ തുടക്കമായാണ് മാറ്റം അനിവാര്യം എന്ന ആഹ്വാനം ഉയർത്തി സിപിഐ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ മഹാറാലി നടത്തുന്നത്. കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളും ഫാസിസ്റ്റ് നിലപാടുകളും തുറന്നു കാട്ടാൻ രാജ്യത്തുടനീളം വിവിധ പരിപാടികൾ നടത്താനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. ഈ പ്രക്ഷോഭത്തിനൊപ്പം രാജ്യസ്നേഹികളായ മുഴുവൻ പേരും കണ്ണി ചേരണമെന്നും സത്യൻ മൊകേരി പറഞ്ഞു.

മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷൻ (എംആർഡിഎഫ്) ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തിയും ഫാസിസത്തിനെതിരായ പ്രതിരോധവും എന്ന വിഷയത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടിയും സോഷ്യൽ മീഡിയ ഇടപെടലുകൾ പാർട്ടി സംഘടനയിൽ; പ്രായോഗികവും സാങ്കേതികവുമായ സമീപനങ്ങൾ എന്ന വിഷയത്തിൽ ബേബി കാസ്ട്രോ, ദിനേശ് രഘുനാഥ് എന്നിവരും ക്ലാസെടുത്തു. സമാപന ചടങ്ങിൽ സംസ്ഥാന എക്സി. അംഗം അഡ്വ. പി വസന്തം, ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ ബാലൻ മാസ്റ്റർ, ടി വി ബാലൻ, ടി കെ രാജൻ മാസ്റ്റർ, ഇ കെ വിജയൻ തുടങ്ങിയവർ സംസാരിച്ചു. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമകാലിക രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വരും കാല പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.


Reporter
the authorReporter

Leave a Reply

error: Content is protected !!