Latest

ബഷീർ ഫെസ്റ്റ് 2026 ന് തുടക്കം കുറിക്കാൻ സ്പീക്കർ വൈലാലിലെത്തി

Nano News

ബേപ്പൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് ബേപ്പൂർ ബഷീർ സ്മാരകമായ ‘ആകാശമിഠായി’യിൽ സംഘടിപ്പിക്കുന്ന ‘ബഷീർ ഫെസ്റ്റ് 2026’ കേരള നിയമസഭാ സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബഷീർ വസതിയായ വൈലാലിൽ നടന്ന ചടങ്ങിൽ ബേപ്പൂർ എം.എൽ.എ  പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

നോർത്ത് എം.എൽ.എ കെ ജയന്ത്, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ, കൗൺസിലർമാരായ പി. പി. ബീരാൻകോയ, നിമ്മി പ്രശാന്ത്, തസ്‌ലീന, ഷിനു പിണ്ണാണത്ത് കൂടാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന ബഷീർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. രാജീവ് സ്വാഗതവും വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീഷ് ബഷീർ നന്ദിയും പറഞ്ഞു.

ജൂലൈ 5, 6 തീയതികളിലായി ആകാശമിഠായിയിൽ നടക്കുന്ന ഫെസ്റ്റിൽ ബഷീറിന്റെ ജീവിതവും സാഹിത്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ബഷീർ കഥപറച്ചിൽ, ചിത്രരചന, നാടകാവതരണങ്ങൾ, ക്വിസ് മത്സരം, മാജിക് ഷോ, പുസ്തക-ചിത്ര പ്രദർശനങ്ങൾ, കുട്ടികൾക്കായുള്ള പരിപാടികൾ, ഭിന്നശേഷിക്കുട്ടികളുടെ സംഗമം, സാംസ്കാരിക പരിപാടികൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

ജൂലൈ 5-ന് രാവിലെ 10 മണിക്ക് നടക്കുന്ന ബഷീർ ദിനാചരണ പരിപാടി  എഴുത്തുകാരൻ സുബാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം. എൻ. കരശ്ശേരി ബഷീർ സ്മാരക പ്രഭാഷണം നടത്തും. കെ. ഇ. എൻ, ഖദീജാ മുംതാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഉച്ചയ്ക്ക് ഭിന്നശേഷിക്കുട്ടികളുടെ സംഗമവും കൈകോർക്കൽ പരിപാടിയും സംഘടിപ്പിക്കും. വൈകിട്ട് മെഹ്ഫിൽ, ‘ബേപ്പൂർ സുൽത്താന്റെ പെണ്ണുങ്ങൾ’, ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ എന്നീ നാടകാവതരണങ്ങളും ഏകാംഗ നൃത്തശിൽപവും അരങ്ങേറും. ജൂലൈ 6-ന് വിവിധ പരിപാടികളുടെ ഉദ്ഘാടനത്തോടൊപ്പം ബഷീർ കഥപറച്ചിൽ, ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരം, മാജിക് ഷോ എന്നിവയും നടക്കും.


Reporter
the authorReporter

Leave a Reply

error: Content is protected !!