CRIMELatestpolice &crime

കോഴിക്കടയിൽ മോഷണം നടത്തി മുങ്ങിയ പ്രതി 24 മണിക്കൂറിനകം പിടിയിൽ; സൈബർ സെല്ലിന്റെ സഹായത്തോടെ പൊക്കിയത് കൂത്താട്ടുകുളത്ത് നിന്ന്

Nano News

മുക്കം: മുക്കം മാർക്കറ്റിലെ ‘ഫെയ്മസ് ചിക്കൻ സ്റ്റാളിൽ’ വൻ മോഷണം നടത്തി മുങ്ങിയ ജീവനക്കാരൻ 24 മണിക്കൂറിനകം പോലീസ് പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഗിരീഷിനെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ മുക്കം പോലീസ് പിടികൂടിയത്. എറണാകുളം കൂത്താട്ടുകുളത്ത് മറ്റൊരു കടയിൽ ജോലിക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി വലയിലായത്.

കഴിഞ്ഞ ദിവസം പുലർച്ചെ യാണ് മുക്കം ഫെയ്മസ് ചിക്കൻ സ്റ്റാളിൽ മോഷണം നടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന 32,000 രൂപയും, സഹപ്രവർത്തകനായ പശ്ചിമ ബംഗാൾ സ്വദേശി യാമിന്റെ മൊബൈൽ ഫോണും പ്രധാന രേഖകളുമടങ്ങിയ പേഴ്സുമാണ് ഗിരീഷ് കവർന്നത്. മോഷണത്തിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
തുടർന്ന് കടയുടമ ആബിദ് നൽകിയ പരാതിയിൽ മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, മോഷ്ടിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ പ്രതി കൂത്താട്ടുകുളത്തുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. മറ്റൊരു സ്ഥാപനത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് നാടകീയമായി പ്രതിയെ പോലീസ് പൊക്കിയത്.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി നേരത്തെ ശാസ്ത്രീയ പരിശോധനകൾ നടത്തിയിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് രാത്രിയോടുകൂടി മുക്കം പോലീസ് സ്റ്റേഷനിൽ എത്തിക്കും. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും. മോഷണം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ വലയിലാക്കാൻ കഴിഞ്ഞത് മുക്കം പോലീസിന്റെയും സൈബർ സെല്ലിന്റെയും സമയബന്ധിതമായ ഇടപെടൽ മൂലമാണ്.


Reporter
the authorReporter

Leave a Reply

error: Content is protected !!