AgricultureLatest

വർഷം മുഴുവൻ കുരുമുളക് ഉണ്ടാകും എന്നതാണ് ബുഷ് പെപ്പറിന്റെ പ്രത്യേകത;കോൺക്രീറ്റ് മുറ്റത്തും കുരുമുളക് കൃഷി ചെയ്യാം

Nano News

🟢സ്ഥലപരിമിതിയുള്ള നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കുന്ന വീട്ടമ്മമാർക്കിടയിൽ ‘ബുഷ് പെപ്പർ‘ അഥവാ കുറ്റിക്കുരുമുളക് കൃഷിക്ക് പ്രിയമേറുന്നു. വലിയ മരങ്ങളോ താങ്ങുകാലുകളോ ഇല്ലാതെ വീടിൻ്റെ മുറ്റത്തോ ടെറസിലോ ചട്ടികളിൽ വളർത്താം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. പരമ്പരാഗത കുരുമുളക് കൃഷിയിൽ നിന്ന് വ്യത്യസ്തമായി വർഷം മുഴുവൻ വിളവ് തരുമെന്നതും, മികച്ച രീതിയിൽ പരിചരിച്ചാൽ 15 വർഷം വരെ ഇതിൽ നിന്ന് ആദായം ലഭിക്കുമെന്നതും കുറ്റികുരുമുളകിനെ ജനപ്രിയമാക്കുന്നു.

സാധാരണ കുരുമുളക് വള്ളിയുടെ മുകളിലോട്ട് പടരുന്ന ഭാഗമല്ല ഇതിനായി എടുക്കുന്നത്. വശങ്ങളിലേക്ക് വളരുന്ന പാർശ്വ ശാഖകൾ പ്രത്യേക രീതിയിൽ വേരുപിടിപ്പിച്ചാണ് ബുഷ് പെപ്പർ തൈകൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് ഇവ വള്ളിപോലെ പടരില്ല, ഒരു ചെറിയ ചെടിപോലെ നിൽക്കും.


വർഷം മുഴുവൻ വിളവെടുപ്പ്
സാധാരണ കുരുമുളക് വർഷത്തിൽ ഒരു നിശ്ചിത സീസണിൽ മാത്രം കായ്ക്കുമ്പോൾ, ബുഷ് പെപ്പറിന്റെ പ്രത്യേകത ഇതിൽ വർഷം മുഴുവൻ കുരുമുളക് ഉണ്ടാകും എന്നതാണ്. ഒരു കുഞ്ഞു ചെടിയിൽ നിറയെ കുരുമുളക് കുലകൾ തൂങ്ങി നിൽക്കുന്നത് വീടിന് ഭംഗിയും നൽകും.

തൈകൾ വാങ്ങുമ്പോൾ
നഴ്സറിയിൽ നിന്ന് തൈകൾ വാങ്ങുമ്പോൾ നല്ല ആരോഗ്യമുള്ള, ഒന്നിലധികം ശാഖകളുള്ള തൈകൾ നോക്കി തിരഞ്ഞെടുക്കുക. പാർശ്വ ശാഖകളിൽ നിന്ന് തന്നെ വികസിപ്പിച്ചെടുത്തതാണെന്ന് ഉറപ്പുവരുത്തണം; അല്ലാത്തപക്ഷം ഇത് പടർന്നു കയറാൻ തുടങ്ങും.

ചട്ടിയും പ്രധാനം
കുറഞ്ഞത് 12 ഇഞ്ചെങ്കിലും വലിപ്പമുള്ള ചട്ടികളോ വലിയ ഗ്രോ ബാഗുകളോ വേണം ഉപയോഗിക്കാൻ. ചട്ടിയുടെ അടിയിൽ വെള്ളം വാർന്നുപോകാൻ ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. വേരുകളിൽ വെള്ളം കെട്ടിക്കിടന്നാൽ ചെടി ചീഞ്ഞുപോകും.

പോട്ടിംഗ് മിക്സ്
ചട്ടി നിറയ്ക്കാൻ മണ്ണും വളവും ചേർത്ത മികച്ചൊരു മിശ്രിതം വേണം. അതിനായി മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാം. തൈകൾ ചട്ടിയിലേക്ക് മാറ്റുമ്പോൾ അതിന്റെ വേരുകൾക്ക് കേടുപാടുകൾ വരാത്ത രീതിയിൽ കവർ കീറി വേണം നടാൻ. നട്ടതിന് ശേഷം തൈയുടെ ചുവട്ടിലെ മണ്ണ് നന്നായി അമർത്തുക. മുറ്റത്തോ ടെറസിലോ നല്ലതുപോലെ വെയിൽ കിട്ടുന്ന സ്ഥലത്ത് വേണം ഈ ചട്ടി വെക്കേണ്ടത്.ഇടയ്ക്കിടെ ചെറുതായി തുമ്പ് നുള്ളി കൊടുക്കുക
മണ്ണിലെ ഈർപ്പം നോക്കി മാത്രം നനയ്ക്കുക. വേനൽക്കാലത്ത് ദിവസവും നനയ്ക്കണം, എന്നാൽ, മഴക്കാലത്ത് ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ചെടി നന്നായി ബുഷ് ആയി വളരാൻ ഇടയ്ക്കിടെ ചെറുതായി പ്രൂൺ (തുമ്പ് നുള്ളി കൊടുക്കുക) ചെയ്യുന്നത് നല്ലതാണ്.

ചാണകപ്പൊടി
മാസത്തിലൊരിക്കൽ അല്പം ചാണകപ്പൊടിയോ, വെർമി കമ്പോസ്റ്റോ ഇട്ടുകൊടുക്കാം. കഞ്ഞി വെള്ളം പുളിപ്പിച്ചതോ, കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളമോ ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത് ചെടി വേഗത്തിൽ വളരാനും കൂടുതൽ തിരികൾ ഉണ്ടാകാനും സഹായിക്കും.

നട്ട് കഴിഞ്ഞ ആദ്യ വർഷം മുതൽ തന്നെ ഇതിൽ കായ്കൾ ഉണ്ടാകാൻ തുടങ്ങും. വീട്ടമ്മമാർക്ക് കറി വെയ്ക്കാൻ ആവശ്യത്തിന് അനുസരിച്ച് എപ്പോൾ വേണമെങ്കിലും ഫ്രഷ് കുരുമുളക് പറിച്ചെടുക്കാം. പൂർണ്ണമായും വിഷമില്ലാത്ത കുരുമുളക് അടുക്കളയിൽ ഉറപ്പാക്കാൻ ഇതിലും മികച്ച മറ്റൊരു മാർഗ്ഗമില്ല.


Reporter
the authorReporter

Leave a Reply