തൃശൂർ:വാണിയമ്പാറയിൽ നടത്തിയ വാഹന പരിശോധനയിൽ ആംബുലൻസിൽ നിന്ന് 250 ഗ്രാമിൽ കൂടുതൽ എംഡിഎംഎ പിടിച്ചെടുത്തു. തൃശ്ശൂർ ജില്ലാ ആന്റി-നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ഹൈവേ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
വെട്ടിക്കൽ, അഞ്ചേരി സ്വദേശികളായ ഫെയ്ത്തും സന്ദീപും സഞ്ചരിച്ചിരുന്ന “ഷാരോൺ” എന്ന ആംബുലൻസിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഇന്ന് രാവിലെ 6:30 ഓടെയാണ് സംഭവം.

ബെംഗളൂരുവിൽ നിന്ന് ആംബുലൻസ് പോകുമ്പോൾ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം തടഞ്ഞതെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ, ആംബുലൻസിന്റെ ബീക്കൺ ലൈറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി.
രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.










