General

ഷിരൂരില്‍ മണ്ണിടിച്ചില്‍: തിരച്ചില്‍ പുനഃരാരംഭിക്കുന്നതില്‍ ഇന്ന് തീരുമാനം

Nano News

അങ്കോല: കര്‍ണാടക അങ്കോല ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനം ഇന്ന്. തിരച്ചില്‍ വീണ്ടും എന്ന് തുടങ്ങാനാവും എന്ന് തീരുമാനിക്കാനായി ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

യോഗത്തില്‍ ഇന്ത്യന്‍ നേവിയിലെ വിദഗ്ധരും പങ്കെടുക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. ഗംഗാവാലി നദിയിലെ അടിയൊഴുക്ക് 3.5 നോട്ട് ആയാല്‍ മാത്രമേ തിരച്ചില്‍ സാധ്യമാവൂ. എന്നാല്‍ നിലവില്‍ 5.4 നോട്ടാണ് അടിയൊഴുക്ക്.

ഈ ആഴ്ച നദിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. അടിയൊഴുക്ക് കുറഞ്ഞാല്‍ തിരച്ചില്‍ സംബന്ധിച്ച തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു.

ജൂലൈ 16ന് രാവിലെ 8.15ഓടെയാണ് ദേശീയപാത 66ലെ ഷിരൂരില്‍ കുന്നിടിഞ്ഞ് വന്‍ അപകടം ഉണ്ടായത്. അപകടത്തില്‍ 11 പേര്‍ കാണാതായിരുന്നു. ഇതില്‍ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.


Reporter
the authorReporter

Leave a Reply

error: Content is protected !!