General

വെല്ലുവിളിയായി ചൂരൽമലയിൽ മഴ കനക്കുന്നു; കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി

Nano News

കൽപ്പറ്റ: മുണ്ടക്കൈയിലെ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ചൂരൽമലയിൽ വീണ്ടും മഴ. നിലവിൽ ശക്തമായ മഴയാണ് ചൂരൽമഴയിൽ പെയ്യുന്നത്. ഇത് രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥയിലും സൈന്യവും നാട്ടുകാരും സന്നദ്ധസംഘങ്ങളും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തെരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു കൊച്ചു കുഞ്ഞിൻ്റെ മൃതദേഹമാണ് തകർന്നു കിടക്കുന്ന വീട്ടിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.

അതിനിടെ, ദുരന്തത്തിൽ പരിക്കേറ്റവരെ സഹായിക്കാനായി പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം വയനാട്ടിലേക്ക് തിരിച്ചു. കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കാനാണ് സംഘത്തിന്റെ ശ്രമം. നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും സംഘത്തിലുണ്ട്. മന്ത്രി ഒആർ കേളുവിൻ്റെ നിർദേശാനുസരണമാണ് മെഡിക്കൽ സംഘം പുറപ്പെട്ടത്.

അതിനിടെ, കർണാടക തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ്‌ ലാഡ് വയനാട്ടിലേക്ക് തിരിക്കും. ദുരിതാശ്വാസ പ്രവർത്തനത്തിൽ കേരളത്തെ സഹായിക്കാനാണ് കർണാടക മന്ത്രിയും എത്തുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരമാണ് മന്ത്രി വയനാട്ടിൽ എത്തുന്നത്. കർണാടകയുടെ ഭാഗത്ത് നിന്ന് എത്തിക്കുന്ന സഹായങ്ങളും മന്ത്രി ഏകോപിപ്പിക്കും. നേരത്തെ മലയാളികളായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായിക്കാൻ കർണാടക സർക്കാർ വയനാട്ടിലേക്ക് നിയോഗിച്ചിരുന്നു.


Reporter
the authorReporter

Leave a Reply