ആന്ധ്രപ്രദേശില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു കുഴിച്ചു മൂടി. വെറും 12ഉം 13ഉം പ്രായമുള്ളവരാണ് പ്രതികള്‍. മൂന്നാം ക്ലാസുകാരിയെ അതേ സ്‌കൂളിലെ തന്നെ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് ഈ ക്രൂരതക്കിരയായത്. തെളിവു നശിപ്പിക്കുന്നതിന് മൃതദേഹം കനാലില്‍ തള്ളുകയും ചെയ്തു ഇവര്‍. നന്ത്യാല്‍ ജില്ലയിലാണ് സംഭവം.
ഞായറാഴ്ച നടന്ന സംഭവം തിങ്കളാഴ്ച പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തപ്പോഴാണ് പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഞായറാഴ്ച പൊലിസില്‍ പരാതി നല്‍കിയിരുന്നു. പാര്‍ക്കില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്നാണ് പിതാവിന്റെ മൊഴി. പ്രദേശവാസികളെ ചോദ്യം ചെയ്തുവെങ്കിലും പൊലിസിന് കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.
പൊലിസ് നായയെ എത്തിച്ച് നടത്തിയ പരിശോധനക്കൊടുവില്‍ നായ പ്രതികളില്‍ ഒരാളുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പാര്‍ക്കില്‍ കളിക്കുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ ഒപ്പം കളിക്കാന്‍ വിളിച്ചു കൊണ്ടുപോയ പ്രതികള്‍ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി വിവരം പുറത്തു പറയുമെന്ന ഭയത്താല്‍ കൊലപ്പെടുത്തി കനാല്‍ പരിസരത്ത് ഒളിപ്പിക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.