കോഴിക്കോട്:മലയാള സാഹിത്യത്തിന് വേറിട്ട ഭാവുകത്വവും ആഖ്യാനശൈലിയും സംഭാവന ചെയ്ത എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്രസംഭാവനകൾക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭാഷാപിതാവിൻ്റെ നാമധേയത്തിലുള്ള
മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞത് ഒരു സാധാരണ വായനക്കാരനെന്ന നിലയിൽ വലിയ ഭാഗ്യവും നിയോഗവുമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സാംസ്കാരികം, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു.

മൗലികതയാണ് സാഹിത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി, മേതിൽ രാധാകൃഷ്ണന്റെ രചനകൾ ആദ്യമായി വായിച്ചപ്പോൾ പരിചിതമല്ലാത്ത രചനാശൈലിയും ആഖ്യാനരീതിയും ഭാഷയിലെ പുതുമയും തന്നെ അത്ഭുതപ്പെടുത്തിയതായി അനുസ്മരിച്ചു. നോവലുകളിലും ചെറുകഥകളിലും ശാസ്ത്രവും തത്വചിന്തയും ഭാഷയുടെ സൗന്ദര്യത്തിനുള്ളിൽ സ്വാഭാവികമായി സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. വായനക്കാരെ പഠിപ്പിക്കുകയാണെന്ന തോന്നലുണ്ടാക്കാതെ ശാസ്ത്രവും തത്വചിന്തയും രചനകളിലേക്ക് കൊണ്ടുവരുന്ന മികവും പ്രകൃതിയെയും ജന്തുജാലങ്ങളെയും ജീവജാലങ്ങളെയും കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണപാടവവും അദ്ദേഹത്തിന്റെ എഴുത്തിനെ വ്യത്യസ്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക സാഹിത്യത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന പുതിയ കാഴ്ചപ്പാടുകളും പരീക്ഷണാത്മകമായ ആഖ്യാനരീതികളും മലയാള സാഹിത്യത്തിൽ അവതരിപ്പിക്കാൻ മേതിലിന് കഴിഞ്ഞിട്ടുണ്ട്. പരിചിതമല്ലാത്ത വാക്കുകളും അവതരണരീതികളും തുടക്കത്തിൽ വായനക്കാരിൽ അസ്വസ്ഥതയോ വിമർശനമോ സൃഷ്ടിച്ചേക്കാമെങ്കിലും അവ പുതിയ വായനാനുഭവങ്ങൾക്കും സാഹിത്യസാധ്യതകൾക്കും വഴിതുറക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കാലം കഴിയുന്തോറും പുതിയ അർത്ഥതലങ്ങൾ കണ്ടെത്താനും പുനർവായനയ്ക്ക് വഴിയൊരുക്കാനും കഴിയുന്നവയാണ് മേതിലിന്റെ കൃതികൾ. ഓരോ കാലത്തും വായനക്കാരുടെ പ്രായവും അനുഭവങ്ങളും കാഴ്ചപ്പാടുകളും മാറുന്നതിനനുസരിച്ച് ഇത്തരം രചനകൾ പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നു. മലയാളത്തിൽ അപൂർവം എഴുത്തുകാർക്കു മാത്രമേ ഒന്നിലധികം പുനർവായനകൾക്ക് സാധ്യതയുള്ള കൃതികൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും മേതിൽ രാധാകൃഷ്ണൻ അത്തരമൊരു എഴുത്തുകാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്ത ജൂറിയെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

അമ്മമാരും മുത്തശ്ശിമാരും പറഞ്ഞുതന്ന കഥകളിലൂടെയാണ് പലരും വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കടന്നുവന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അമ്മയുടെ മടിയിൽ കിടന്ന് കഥകൾ കേട്ട ബാല്യകാലമാണ് വായനയുമായി ബന്ധപ്പെട്ട തന്റെ ഏറ്റവും വലിയ ഓർമയെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയിലെ കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കുന്ന ശീലം കുറഞ്ഞുവരുന്നതിൽ ആശങ്കയുണ്ടെന്നും കഥകളിലൂടെയാണ് വായനയുടെയും സർഗാത്മകതയുടെയും ആദ്യപാഠങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേതിൽ രാധാകൃഷ്ണന്റെ കൃതികൾ വീണ്ടും ആദ്യാവസാനം വായിക്കണമെന്ന ആഗ്രഹം പങ്കുവെച്ച മുഖ്യമന്ത്രി കേരളത്തിന്റെ മുഴുവൻ അഭിനന്ദനങ്ങളും അദ്ദേഹത്തിന് നേർന്നു.

ചടങ്ങിൽ എം.കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ അഡ്വ. കെ. ജയന്ത്, അഡ്വ. കെ. പ്രവീൺകുമാർ, സാംസ്കാരിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, ജില്ല കളക്ടർ എം എസ് മാധവിക്കുട്ടി, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ, പുരസ്കാര നിർണയസമിതി അംഗം സാറാ ജോസഫ്, കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

കെ ജി ശങ്കരപിള്ള അധ്യക്ഷനും കെ സച്ചിദാനന്ദൻ, കൽപ്പറ്റ നാരായണൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരത്തിനായി മേതിൽ രാധാകൃഷ്ണനെ തിരഞ്ഞെടുത്തത്.


