കോഴിക്കോട്: വെള്ളയിൽ ആറാം ഗേറ്റിന് സമീപവും തിരുവങ്ങൂരും ട്രെയിനുകൾ തട്ടി രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മുന്നിലും തൊട്ടു പിന്നിലുമായെത്തിയ ട്രെയിനുകൾ തട്ടി 21 കാരനും 35 കാരനും മരണപ്പെട്ടത്. വെള്ളയിൽ വെച്ച് പരശുറാം എക്സ് പ്രസ് തട്ടിയാണ് 21 കാരൻ മരണപ്പെട്ടത്. വീഡിയോ കോൾ ചെയ്തു കൊണ്ടാണ് യുവാവ് പാളത്തിന് സമീപത്തൂടെ നടന്നിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. മലപ്പുറം സ്വദേശിയുടെ ഐഡി കാർഡ് സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ഉറപ്പിക്കേണ്ടതുണ്ടെന്ന് നടക്കാവ് പൊലീസ് പറഞ്ഞു.
ഈ അപകടത്തിന് പിന്നാലെ തൊട്ടു പിറകെയെത്തിയ അമൃത്സർ എക്സ്പ്രസ് മുക്കാൽ മണിക്കൂറോളം വെള്ളയിൽ സ്റ്റേഷനിൽ പിടിച്ചിട്ടു. അപകടത്തിന് പിന്നാലെ കടന്നുപോയ പരശുറാം എക്സ്പ്രസ് എലത്തൂർ സ്റ്റേഷനിലും പിടിച്ചിട്ടു. അമൃത്സർ എക്സ്പ്രസ് കടന്നുപോകാൻ വേണ്ടിയായിരുന്നു പരശുറാം പിടിച്ചിട്ടത്. തുടർന്ന് പൊലീസെത്തി മൃതദേഹം നീക്കിയ ശേഷം കടന്നുപോയ അമൃത്സർ എക്സ്പ്രസ് 15 കിലോമീറ്ററുകൾക്കപ്പുറം തിരുവങ്ങൂരിൽ വെച്ച് ഒരാളെ തട്ടുകയായിരുന്നു. അപകടത്തിന് ശേഷം അമൃത്സർ എക്സ്പ്രസ് കടന്നുപോയെങ്കിലും പരശുറാം എക്സ്പ്രസ് വഴിയിൽ കുടുങ്ങി. ഇതിന് പിന്നാലെ കോഴിക്കോട്- മംഗളൂരു പാതയിൽ ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.


