ബംഗളൂരു: ഗുണ്ടൽപേട്ടിന്റെ പകുതിയും മലയാളികൾ കയ്യേറിയെന്നും കുടകിൽ അവരുടെ തോന്നിവാസം അരങ്ങേറുകയാണെന്നും മൈസൂരു മുൻ എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹ. മലയാളികളെത്തി കർണാടകയുടെ സംസ്കാരം നശിപ്പിക്കുകായണെന്ന് പറഞ്ഞുകൊണ്ട് കേരളത്തിനും മലയാളികൾക്കുമെതിരെ അധിക്ഷേപ പരാമർശം ഉയർത്തുകയായിരുന്നു ഇദ്ദേഹം. മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നതല്ലാതെ മറുനാട്ടിലെത്തിയാൽ അത് കാണാനില്ല. കേരളത്തിൽ തെങ്ങും കായലുമല്ലാതെ വേറെ ഒന്നുമില്ല. കുടകിൽ നടന്ന ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യവെയാണ് പ്രതാപ് സിംഹയുടെ അധിക്ഷേപ വർഷം. ഇദ്ദേഹത്തിന്റെ പരാമർശം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മലയാളികൾ കുടകിലെ അവസരങ്ങൾ തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ഏറെക്കാലമായി ഇവിടെ വ്യാപകമാണ്. ഗുണ്ടൽപേട്ടയിൽ വൻതോതിൽ കൃഷിയിടങ്ങൾ സ്വന്തമാക്കുന്നതായും ബംഗളൂരുവിൽ വൻകിട ബിസിനസുകൾ ആരംഭിക്കുകയാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. മലയാളികൾ വലിയ തോതിൽ കർണാടകയിലെ വിവിധ സ്ഥലങ്ങളിലെത്തുന്നതോടെ അവിടെയുള്ള ആളുകൾക്ക് ജോലി കുറയുന്നതായി വിവിധ കന്നഡ സംഘടനകൾ കുറ്റപ്പെടുത്തുന്നുണ്ട്. പല സ്ഥാപനങ്ങളിലുമെത്തി കന്നഡക്കാരെ തന്നെ ജോലിക്ക് നിർത്താനും വിവിധ സംഘടനകൾ ആവശ്യപ്പെടാറുണ്ട്. ഇത്തരം നീക്കങ്ങൾക്ക് ശക്തിപകരുന്നതാണ് പ്രതാപ് സിംഹയുടെ പരാമർശമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ബിജെപി നേതാവിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. മുമ്പ് വിനായ ചതുർഥി ആഘോഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിനും ദലിത് വിരുദ്ധ പരാമർശം നടത്തിയതിനും പ്രതാപ് സിംഹക്കെതിരെ കേസുകൾ നിലവിലുണ്ട്.


