• Home  
  • ജില്ലയിലുണ്ടായ ബൈക്കപകടങ്ങളിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം
- Accident news - Latest

ജില്ലയിലുണ്ടായ ബൈക്കപകടങ്ങളിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ജില്ലയിലുണ്ടായ ബൈക്കപകടങ്ങളിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. തൊണ്ടയാട്, തലയാട്, പുതിയങ്ങാടി എന്നിവടങ്ങളിലുണ്ടായ വ്യത്യസ്ത അപകടങ്ങളിലാണ് അമർ, അജയ്, ശ്രീരാഗ്, സോനു സുധീഷ് എന്നിവർ മരണപ്പെട്ടത്. നഗരത്തിൽ തൊണ്ടയാട് സർവീസ് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് കൈവരിയിലിടിച്ചിട്ടുണ്ടായ അപകടത്തിലാണ് മലപ്പുറം അരിയല്ലൂർ ഗവ. യു പി സ്കൂളിന് പടിഞ്ഞാറുവശം വട്ടാറമ്പത്ത് അമർ (30) മരണപ്പെട്ടത്. തൊണ്ടയാട് മൈജിയിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ 11.35 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് സർവീസ് റോഡരികിലെ കൈവരിയിൽ ശക്തമായി ഇടിക്കുകയായിരുന്നു. […]

കോഴിക്കോട്: ജില്ലയിലുണ്ടായ ബൈക്കപകടങ്ങളിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. തൊണ്ടയാട്, തലയാട്, പുതിയങ്ങാടി എന്നിവടങ്ങളിലുണ്ടായ വ്യത്യസ്ത അപകടങ്ങളിലാണ് അമർ, അജയ്, ശ്രീരാഗ്, സോനു സുധീഷ് എന്നിവർ മരണപ്പെട്ടത്. നഗരത്തിൽ തൊണ്ടയാട് സർവീസ് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് കൈവരിയിലിടിച്ചിട്ടുണ്ടായ അപകടത്തിലാണ് മലപ്പുറം അരിയല്ലൂർ ഗവ. യു പി സ്കൂളിന് പടിഞ്ഞാറുവശം വട്ടാറമ്പത്ത് അമർ (30) മരണപ്പെട്ടത്. തൊണ്ടയാട് മൈജിയിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ 11.35 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് സർവീസ് റോഡരികിലെ കൈവരിയിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ കൈവരിക്കപ്പുറത്തേക്ക് താഴ്ചയിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷപ്പെടുത്താൻ സമീപവാസികളും യാത്രക്കാരും ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: രത്നാകരൻ. മാതാവ്: ബേബി. സഹോദരി: ആതിര. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബേപ്പൂർ ഗോദീശ്വരം ശ്മശാനത്തിൽ.

ബാലുശ്ശേരി തലയാട് പടിക്കൽ വയലിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് ഉണ്ണികുളം എകരൂൽ കരുവാറ്റക്കുന്നുമ്മൽ ഷിജു-ബിന്ദു ദമ്പതിമാരുടെ മകൻ അജയ് (17), പേരാമ്പ്ര മുതുകാട് ചെങ്കോട്ടക്കൊല്ലി വെള്ളാട് റീനയുടെ മകൻ ശ്രീരാഗ് (22) എന്നിവർ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന എകരൂൽ കരുവാറ്റക്കുന്നുമ്മൽ ആനന്ദ് (19) അതിഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കക്കയം ഭാഗത്ത് നിന്ന് എകരൂലിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മൂന്നു പേരും. ഇതിനിടെ ബൈക്ക് പെട്ടെന്ന് നിയന്ത്രണംവിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നുപേരെയും പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും അജയിയുടെയും ശ്രീരാഗിന്റെയും ജീവൻ രക്ഷിക്കാനായില്ല.

പുതിയങ്ങാടി അത്താണിക്കലിൽ കെഎസ്ആർടിസി ബസും റോയൽ എൻഫീൽഡ് ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ചേമഞ്ചേരി കാട്ടിലപ്പീടിക പള്ളിയാറക്കൽ സോനു സുധീഷ് (24) മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ എത്തിയ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് യുവാവിനെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: സുധീഷ്. മാതാവ്: ബീന. സഹോദരി: സൂര്യ.

 

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.