കോഴിക്കോട്:ലഡാക്കിലെ കാർഗിലിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച കോഴിക്കോട് സ്വദേശി ഹവിൽദാർ എസ്.ആർ. അരുൺ രാജിന്റെ (40) മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
2026 നവംബർ 4-ന് ഉച്ചയ്ക്ക് 1:30 ഓടെ കാർഗിൽ–ലേ ദേശീയപാതയിലെ നമികലാ പാസ് മേഖലയിലാണ് രാജ്യത്തെ നടുക്കിയ ദാരുണമായ വാഹനാപകടം നടന്നത്. നിയന്ത്രണം വിട്ട സൈനിക വാഹനം 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അരുൺ രാജ് ഉൾപ്പെടെ രണ്ട് സൈനികർക്കാണ് ജീവൻ നഷ്ടമായത്.വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കേരളത്തിൽ എത്തിച്ച ഭൗതികശരീരം ജന്മനാടായ കോഴിക്കോട് ചേളന്നൂർ പെരുമ്പൊയിൽ ഉള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് ജനപ്രതിനിധികളും സഹപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനസഞ്ചയം അദ്ദേഹത്തിന് അവസാനമായി ആദരാഞ്ജലികൾ അർപ്പിച്ചു.വീട്ടുപരിസരത്ത് പൂർണ്ണ സൈനിക-ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിൽ (MEG) ഹവിൽദാറായി സേവനമനുഷ്ഠിച്ചിരുന്ന അരുൺ രാജ് കഴിഞ്ഞ 21 വർഷമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്നു.പരേതനായ രാജൻ നായരുടെയും ഷീലയുടെയും മകനാണ്. ഭാര്യ രേഷ്മയും, കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ആദ്യ അരുൺ ഏക മകളുമാണ്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അഖിൽ രാജ് സഹോദരനാണ്


