കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭാഷാ വിഷയങ്ങൾ ഒഴികെയുള്ള വിവിധ ഡിഗ്രി, പി ജി പരീക്ഷകൾ മലയാളത്തിലും എഴുതാം. മലയാള ഐക്യവേദി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ വി വൈഷ്ണവി ഇക്കാര്യം ആവശ്യപ്പെട്ട് നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി. ഇതോടെ ഏറെക്കാലമായി മലയാള ഐക്യവേദിയും വി വൈഷ്ണവിയും നടത്തിവന്ന പരിശ്രമങ്ങൾക്കാണ് പരിഹാരം ആയത്. ഇംഗ്ലീഷിനെ നിരസിക്കുകയല്ല, മാതൃഭാഷയിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഇടപെടൽ നടത്തിയതെന്ന് വൈഷ്ണവി പറഞ്ഞു. ഇംഗ്ലീഷ് നിർബന്ധമായും പഠിക്കുന്നുണ്ട്. അതിനൊപ്പം താത്പര്യമുള്ളവർക്ക് മാതൃഭാഷയിലും പരീക്ഷ എഴുതാനുള്ള അവസരം ഒരുങ്ങുകയാണ് ചെയ്യുന്നതെന്നും ഇവർ വ്യക്തമാക്കി.
സോഷ്യോളജി (യുജി, പി ജി), ഇക്കണോമിക്സ് (യു ജി, പി ജി), പൊളിറ്റിക്കൽ സയൻസ് (യു ജി, പി ജി), ഹിസ്റ്ററി (യു ജി, പി ജി), ഇന്റഗ്രേറ്റഡ് എം എ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ബി എ ഇസ്ലാമിക് ഫിനാൻസ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എം എ ഇസ്ലാമിക് ഇക്കണോമിക്സ്, ബി വോക്, ഇസ്ലാമിക് ഫിനാൻസ്, എം എ ഇസ്ലാമിക് ഹിസ്റ്ററി, എം എ ഫോക് ലോർ, ഇസ്ലാമിക് സ്റ്റഡീസ് (യു ജി, പി ജി), സോഷ്യൽ വർക്ക് (ബി എസ് ഡബ്ല്യു, എം എസ് ഡബ്ല്യു), എം എ മ്യൂസിക്, ബി എസ് സി മാത്തമാറ്റിക്സ്, മൈക്രോ ബയോളജി (യു ജി, പി ജി), ബി എഡ് എന്നീ കോഴ്സുകളുടെ പരീക്ഷകൾ മലയാളത്തിലും എഴുതാനാണ് തീരുമാനമായത്. ഇതേ സമയം ബിബിഎ, ബി ടെക്, ബി ആർക്, എം സി എ, ബി ഡെസ്, എം ഡെസ് തുടങ്ങിയ കോഴ്സുകളുടെ പരീക്ഷകൾ മലയാളത്തിൽ എഴുതാൻ നിർവാഹമില്ലെന്നും എൽ എൽ ബി ഉൾപ്പെടെയുള്ള മറ്റു കോഴ്സുകളുടെ പരീക്ഷകൾ മലയാളത്തിൽ എഴുതുന്ന വിഷയം വിവിധ ബോർഡുകളുടെ പരിഗണനയിലാണെന്നും കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ നിവേദനത്തിനുള്ള മറുപടിയിൽ അറിയിച്ചു.
മലയാള ഐക്യവേദിയുടെ തുടർച്ചയായ ഇടപെടലുകളുടെ ഭാഗമായി 2025 നവംബറിൽ ഭാഷാ വിഷയങ്ങൾ ഒഴികെയുള്ള എല്ലാ ഡിഗ്രി, പി ജി പരീക്ഷകളും മലയാളത്തിലും നടത്തുന്നതിന് സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. 2023 ഏപ്രിലിൽ യുജിസി ഇതു സംബന്ധിച്ച് സർവകലാശാലകൾക്കു മാർഗനിർദേശം നൽകിയിരുന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിരുന്നില്ല. ഇതിന് പിന്നാലെ കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ, കൊച്ചി ശാസ്ത്ര- സാങ്കേതിക, ശ്രീശങ്കരാചാര്യ സംസ്കൃത, തുഞ്ചത്തെഴുത്തച്ഛൻ മലയാള, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലകൾക്ക് ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുവാദം നൽകുന്നതിന് നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എം ജി സർവകലാശാലയും കേരള സർവകലാശാലയും ഇക്കാര്യത്തിൽ തീരുമാനം എടുത്തു. കേരള സർവകലാശാലയിലെ പി ജി പരീക്ഷകളും നിയമ പരീക്ഷകളും മലയാളത്തിലും നടത്താനുള്ള തീരുമാനം സെപ്റ്റംബറിൽ ഉത്തരവായി ഇറങ്ങി. എം ജി സർവകലാശാലയിലെ നിയമ പഠന പരീക്ഷകൾ മലയാളത്തിലും നടത്താനുള്ള തീരുമാനം അക്കാദമിക് കൗൺസിൽ എടുത്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി കാലിക്കറ്റ് സർവകലാശാലയിലും മലയാളത്തിൽ പരീക്ഷയെഴുതാനുള്ള അവസരം ഉറപ്പാക്കുന്നതിനായി മലയാള ഐക്യവേദി നടത്തിയ ഇടപെടലുകളിലാണ് നടപടിയുണ്ടായത്. എൻട്രൻസ് കമ്മീഷണറേറ്റ് നടത്തുന്ന നിയമ പ്രവേശന പരീക്ഷകൾ മലയാളത്തിൽ നടത്താനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഗവേഷണ മാധ്യമമായും എൻട്രൻസ് കമ്മീഷണറേറ്റ് നടത്തുന്ന എല്ലാ പരീക്ഷകളിലും മലയാളം ഉൾപ്പെടുത്തുന്നതിനും എൻജിനീയറിങ്, മെഡിക്കൽ ഉൾപ്പെടെയുള്ള എല്ലാ പ്രൊഫഷണൽ മേഖലകളിലെയും പരീക്ഷകൾ മലയാളത്തിലും നടത്തുന്നതുമായി ബന്ധപ്പെട്ടുമുള്ള വിഷയം സർക്കാരിന്റെ പരിഗണനയിലാണ്.
കാര്യവട്ടം കാമ്പസിൽ 2023-25 ബാച്ചിൽ പി ജി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കേരള സർവകലാശാലയുമായി ബന്ധപ്പെട്ട് വൈഷ്ണവി ഇത്തരമൊരു വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നത്. തുടർന്ന് മറ്റ് സർവകലാശാലകളിലും സമാന പ്രശ്നങ്ങൾ ഉണ്ടെന്ന് മനസിലാക്കി മലയാള ഐക്യവേദിയുടെയും വിദ്യാർത്ഥി വിഭാഗമായ വിദ്യാർത്ഥി മലയാള വേദിയുടെയും നേതൃത്വത്തിൽ വൈഷ്ണവി മുന്നോട്ട് പോവുകയായിരുന്നു. പരിഭാഷ, ടെക്സ്റ്റ് ബുക്ക് തുടങ്ങി നിരവധി പ്രയാസങ്ങൾ സർവകലാശാലകൾ ഉയർത്തിയെങ്കിലും ഒടുവിൽ ഇവരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുകയായിരുന്നു. വിവരാവകാശ നിയമമാണ് പോരാട്ടത്തിന് ഏറ്റവും ശക്തി പകർന്നതെന്നും സർക്കാർ തീരുമാനം സർവകലാശാലകൾ നടപ്പിലാക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ കൂടിയാണ് തുടർച്ചയായി സർവകലാശാലകൾ കേന്ദ്രീകരിച്ച് വീണ്ടും ഇടപെടേണ്ടി വന്നതെന്ന് വൈഷ്ണവി പറഞ്ഞു. പാലക്കാട് എലപ്പുള്ളി സ്വദേശിയായ വൈഷ്ണവി കേരള സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയാണ്.


