General

പതിവ് തെറ്റിക്കാതെ; ഈ വര്‍ഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി


പതിവ് തെറ്റിച്ചില്ല. എല്ലാ വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കുമിടെ ഈ വര്‍ഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി. മലബാറിലെ ആറു ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി നല്‍കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്.

മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവരുടെ എണ്ണം 79730 ആണ്. അലോട്ട്‌മെന്റിന് പരിഗണിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളുടെ എണ്ണം 59690 ആണ്. അതായത് മലപ്പുറത്ത് മാത്രം 20,040 സീറ്റുകളുടെ കുറവുണ്ട്. പാലക്കാട് 7979 സീറ്റുകളുടെയും കോഴിക്കോട് 5321 സീറ്റുകളുടെയും കാസര്‍കോട് 4068 സീറ്റുകളുടെയും കുറവുണ്ട്. മലബാറില്‍ ആകെ 41230 സീറ്റുകളുടെ കുറവ്. സി.ബി.എസ്.ഇ ഫലം കൂടി പുറത്തുവരുന്നതോടെ സീറ്റ് പ്രതിസന്ധി വര്‍ധിക്കും. മികച്ച ഗ്രേഡ് നേടിയവര്‍ക്ക് പോലും ഇഷ്ടവിഷയത്തിന് പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ് മലബാറിലുള്ളത്. ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ടപ്പെട്ട സ്‌കൂളിലോ ഇഷ്ടപ്പെട്ട കോഴ്‌സോ തെരഞ്ഞെടുക്കാന്‍ പറ്റാത്ത അവസ്ഥ 2023ല്‍ നാം കണ്ടതാണ്.

അതേസമയം പത്തനംതിട്ട ജില്ലയില്‍ 2809 സീറ്റുകളും ആലപ്പുഴയില്‍ 961 സീറ്റുകളും കോട്ടയത്ത് 87 സീറ്റുകളും അധികമാണ്. അണ്‍ എയ്ഡഡ് സീറ്റുകള്‍ പരിഗണിക്കാതെയുള്ള കണക്കാണിത്.

അതായത് ഈ വര്‍ഷവും മലബാര്‍ ജില്ലകളിലെ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ സീറ്റുകള്‍ക്കു വേണ്ടി നെട്ടോട്ടം ഓടേണ്ടിവരുമെന്ന് ചുരുക്കം. അല്ലെങ്കില്‍ പണം കൊടുത്തു പഠിക്കേണ്ട അണ്‍ എയ്ഡഡ് സ്‌കൂളുകളെ ആശ്രയിക്കേണ്ടിവരും. തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാറിലെ വിദ്യാര്‍ഥികള്‍ ഈ അവഗണന അനുഭവിക്കുന്നത്.

വര്‍ഷങ്ങളായി പ്ലസ് വണ്‍ സീറ്റിനായുള്ള പ്രക്ഷോഭങ്ങള്‍ വിവിധ സംഘടനകളും വിദ്യാര്‍ഥി കൂട്ടായ്മകളും മലബാറില്‍ നടത്തുന്നുണ്ട്. പരിഹരിക്കാം എന്നൊരു വാമൊഴില്ലാതെ ഇതുവരെ പരിഹാരം വന്നിട്ടില്ല. പ്ലസ് വണ്‍ സീറ്റ് നീതി നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് ഇത്തവണയും പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്.

എസ് എസ് എല്‍ സി പരീക്ഷാ ഫല പ്രഖ്യാപനം വന്നിട്ടും തുടര്‍ പഠനത്തിന് ആവശ്യമായ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കുന്നതില്‍ മലബാര്‍ ജില്ലകളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ പ്രഥമ ഘട്ടമായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 10 ന് വെളളിയാഴ്ച മലപ്പുറത്ത് നൈറ്റ് മാര്‍ച്ച് നടത്താനാണ് തീരുമാനം.

സീറ്റ് ക്ഷാമം പഠിച്ച വി കാര്‍ത്തികേയന്‍ കമ്മിറ്റി മലബാറില്‍ 150 ഹയര്‍സെക്കണ്ടറി അധിക ബാച്ചുകള്‍ വേണമെന്നാണ് കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ കുട്ടികള്‍ തീരെ കുറഞ്ഞ ബാച്ചുകള്‍ ഇവിടേക്ക് മാറ്റാമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്‌കൂളുകളില്‍ സൗകര്യമൊരുക്കുന്നത് അടക്കമുള്ള പ്രതിസന്ധികള്‍ കാരണം ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയെന്നത് എളുപ്പമല്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.


Reporter
the authorReporter

Leave a Reply