Thursday, September 19, 2024
Politics

തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാക്കൾക്കെതിരെ ഇറക്കിയ വീഡിയോയുടെ ഉറവിടം കണ്ടെത്തണം; ബിജെപി


വടകര: ലോകസഭ തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാക്കൾക്കെതിരെ ഇറക്കിയ വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വികെ സജീവൻ ആവശ്യപ്പെട്ടു. വടകരയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ദിവസം ഇറക്കിയ വീഡിയോയുടെ ഗൗരവം എല്ലാവർക്കും അറിയുന്നതാണ്. അതിന്റെ പിന്നിലെ ചേതോവികാരം എന്തെന്നറിയാൻ പ്രവർത്തകർക്കും നാട്ടുകാർക്കും ആഗ്രഹമുണ്ട്. ബിജെപി ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പോലീസ് ശ്രമിച്ചാൽ നിഷ്പ്രയാസം പ്രതികളെ കണ്ടെത്താനാവുന്ന കേസ് ആണിത്. ലോകസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനം ബിജെപി മാസങ്ങൾക്ക് മുമ്പേ ആരംഭിച്ചതാണ്. അതിന്റെ പ്രധാന ചുമതല വഹിക്കുന്ന നേതാക്കൾക്കെതിരെയാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. വീഡിയോയിൽ ആക്ഷേപം പറയുന്ന വ്യക്തി സിപിഎമ്മിന്റെ തിനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പറഞ്ഞതിന്‍ പ്രകാരമാണ് വീഡിയോ തയ്യാറാക്കിയത് എന്ന് കുറ്റ്യാടി പോലീസിൽ അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടിയിൽ പരാതി നൽകിയതാണ്.ബിജെപി ഈ വിഷയം ഗൗരവതലത്തിൽ എടുത്തതിന്റെ ഭാഗമായിട്ടാണ് നേതാക്കന്മാർ അന്നുതന്നെ പോലീസിൽ പരാതി നൽകിയത്.ഇത്രയും ദിവസമായിട്ടും ശക്തമായ അന്വേഷണം നടത്താനോ കുറ്റക്കാരെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറാവുന്നില്ല അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. ഭാസ്കറിനെയും സിപിഎം നേതാവ് സുനിലിനെയും ചോദ്യം ചെയ്യാൻ പോലീസ് തയ്യാറാവുന്നില്ല. വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 17ന് കാലത്ത് 10 മണിക്ക് വടകര ഡിവൈഎസ്പി ഓഫീസിലേക്ക് എൻഡിഎയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് മാർച്ച് ഉദ്ഘാടനം ചെയ്യും. സംഘപരിവാർ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ സാക്ഷിയായിരുന്ന ഭാസ്കരൻ സിപിഐഎമ്മിന്റെ കൈയിലെ കളിപ്പാവയായി മാറിയതിനു ശേഷം സാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ്. ഭാസ്കരന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. വ്യാജ വീഡിയോയുടെ ഉറവിടം പുറത്തുകൊണ്ടു വരുന്നതുവരെ പാർട്ടി നിയമപരമായും രാഷ്ട്രീയപരമായി നേരിടും എന്നും വികെ സജീവൻ കൂട്ടിച്ചേർത്തു.


Reporter
the authorReporter

Leave a Reply