കോഴിക്കോട്: മുസ്ലീം ലീഗ് പാർട്ടിയെ മൂവർ സംഘം ചേർന്ന് നശിപ്പിക്കുകയാണെന്ന് എംഎസ്എഫിൽ നിന്നും പുറത്താക്കിയ നേതാവ് പി.പി.ഷൈജൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം എന്നിവർ ചേർന്ന് ഭരണഘടന വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
തന്നെ ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയത് പാർട്ടി രേഖാമൂലം അറിയിച്ചിട്ടില്ല. പത്രത്തിൽ കണ്ട അറിവ് മാത്രമാണ് തനിക്കുള്ളതെന്നും തുടർന്ന് പാർട്ടി പരിപാടികളിൽ നിന്ന് തന്നെ വിലക്കുകയും ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എംഎസ്എഫിലെ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തിയ എംഎസ്എഫ് പ്രസിഡന്റിനെതിരെ പരാതി പറഞ്ഞതിന്റെ പേരിലാണ് പത്രത്തിലൂടെ തന്നെ പുറത്താക്കിയതെന്ന് പി.പി.ഷൈജൽ പറഞ്ഞു. ഇതിനെതിരെ സംഘടനയ്ക്കകത്ത് അഭിപ്രായം തുറന്നു പറയുകയും അനീതികൾ ചോദ്യം ചെയ്യുകയും ചെയ്യുന്നവരെ യാതൊരു മാനദണ്ഡവും ഇല്ലാതെ പുറത്താക്കുന്ന പ്രവണതയ്ക്കെതിരെയാണ് കൽപറ്റ മുൻസിപ്പൽ കോടതിയെ സമീപിച്ചത്. കോടതി തന്നെ പുറത്താക്കിയ നടപടി തടഞ്ഞിട്ടുണ്ടെന്നും പി.പി.ഷൈജൽ പറഞ്ഞു.
പാർട്ടി ഭരണഘടനക്ക് പുല്ല് വിലയാണ് നൽകുന്നത്. പ്രസിഡന്റിനെ നോക്ക് കുത്തിയാക്കികൊണ്ട്, മൂവർ സംഘം മറ്റ് നേതാക്കളെ മുഖവിലക്കെടുക്കാതെ പാർട്ടി തീരുമാനങ്ങൾ എന്ന പേരിൽ തങ്ങളുടെ തീരുമാനങ്ങൾ നടപ്പാക്കുകയാണ്. ഈ നടപടി മുസ്ലീം ലീഗിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഹരിത ഭാരവാഹികൾക്കെതിരെ എംഎസ്എഫ് സംസ്കാരത്തിന് നിരക്കാത്ത പരാമർശം നടത്തിയ പികെ നാസറിനെതിരെ പാർട്ടി നടപടി എടുക്കാൻ തയ്യാറായില്ല. പകരം കുറ്റവാളിയെ സംരക്ഷിക്കുകയും പരാതി പറഞ്ഞവർക്കെതിരെ നടപടി എടുക്കുന്ന വിചിത്രമായ നീക്കമാണ് പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പി.പി.ഷൈജൽ കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.