HealthLatest

ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റ് മുടങ്ങിയത് രോഗികളെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തുന്നു.

Nano News

കോഴിക്കോട്: മെഡിക്കൽ കോളജിൽ തലസീമിയ രോഗികൾക്കുണ്ടാവുന്ന ഗുരുതരമായ പാർശ്വഫലം ഒഴിവാക്കാൻ വേണ്ടി ഉപയോഗിച്ച് വരുന്ന ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റ് മുടങ്ങിയത് രോഗികളെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തുന്നു. മരുന്ന് കമ്പനികൾ പങ്കെടുക്കാതായതോടെ ടെണ്ടർ നടപടികൾ മുടങ്ങിയതോടെ ഫിൽറ്റർ സെറ്റും ജീവൻ രക്ഷാ മരുന്നും മുടങ്ങുന്ന സ്ഥിതി നേരത്തെയുണ്ടായിരുന്നു. തുടർന്ന് ലോക്കൽ പർച്ചേസ് നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സർക്കാർ നിർദ്ദേശം നൽകി. ഇതോടെ ആശുപത്രികൾ സ്വന്തം നിലയ്ക്ക് ലോക്കൽ പർച്ചേസ് നടത്തിയാണ് ഇവ വിതരണം ചെയ്തിരുന്നത്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ഇപ്പോൾ ഇതും മുടങ്ങിയിരിക്കുകയാണ്. എറണാകുളത്ത് നിന്നും ഭീമമായ തുക മുടക്കി ഫിൽട്ടർ സെറ്റ് വരുത്തിയിട്ട് വേണം ഓരോ തവണയും ഇനി രക്തം നൽകാൻ. ലോക്കൽ പർച്ചേസ് തന്നെ എല്ലായിടത്തും ഫലപ്രദമായിട്ടില്ല. കണ്ണൂർ, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലും ഇത് ഇതുവരെ ലഭിച്ചിട്ടുമില്ല. രക്തബാങ്കുകളിൽ ഫിൽട്ടർ സെറ്റ് തീർന്നതിനാൽ കുറച്ചു നാളായി ദാതാക്കളിൽ നിന്നും ലൂക്കോ സൈറ്റ് ഫിൽട്ടർ ചെയ്ത രക്തം ശേഖരിക്കുന്ന പ്രക്രിയയും പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
ഹാർട്ടിലെ അപകടകരമായ ഇരുമ്പിന്റെ ആധിക്യം മൂലമാണ് എഴുപത്തഞ്ച് ശതമാനം തലസീമിയ രോഗികളും മരണപ്പെടാറുള്ളത്. രോഗികൾക്ക് രക്തം നൽകുമ്പോഴുണ്ടാവുന്ന ഗുരുതരമായ പാർശ്വഫലം ഒഴിവാക്കാനാണ് ലൂക്കോ സൈറ്റ് ഫിൽറ്റർ സെറ്റ് ഉപയോഗിക്കുന്നത്. ഹീമോഗ്ലോബിന്റെ ഉത്പാദനം കുറയുകയും വിളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്ന ജനിതക രോഗമാണ് തലസീമിയ. രക്തജന്യ രോഗമായ തലസീമിയ ബാധിച്ചവർക്ക് ചുവപ്പ് രക്താണുക്കളുടെ എണ്ണവും ഹീമോഗ്ലോബിനും കുറവായിരിക്കും. തുടർച്ചയായി രക്തം നൽകുന്നത് കാരണം രോഗികളുടെ ഹൃദയത്തിലും കരളിലും ഇരുമ്പിന്റെ അംശം അപകടകരമായി അടിഞ്ഞു കൂടുന്ന സ്ഥിതിയുണ്ടാവും. ഇതുൾപ്പെടെ പരിഹരിക്കാൻ ലൂക്കോ സൈറ്റ് ഫിൽറ്റർ സെറ്റ് ആവശ്യമാണ്. തലസീമിയ രോഗികൾക്ക് അത്യാവശ്യമായ ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റും ജീവൻ രക്ഷാ മരുന്നുകളും നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply