Sunday, November 24, 2024
General

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പെടുത്തുന്നതില്‍ തീരുമാനം ഇന്ന്


സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പെടുത്തുന്നതില്‍ തീരുമാനം ഇന്ന്. കടുത്ത ചൂടിന് പിന്നാലെ വൈദ്യുതി ഉപഭോഗം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലോഡ് ഷെഡിങ് ഏര്‍പെടുത്തുന്ന കാര്യം പരിഗണനയില്‍ വന്നത്. ലോഡ് ഷെഡിങ്ങിന് പകരമായി മറ്റു വഴികളെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാവിലെ 11 മണിക്ക് മന്ത്രി കെ.കൃഷ്ണ്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നാണ് പ്രധാന ചര്‍ച്ച. ലോഡ് ഷെഡിങ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നുണ്ടെങ്കിലും നയപരമായ തീരുമാനം ആയതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ.

പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈദ്യുതി ആവശ്യകത ഇനിയും ഉയര്‍ന്നാല്‍ വിതരണം കൂടുതല്‍ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. വേനലില്‍ പരമാവധി 5500 മെഗാവാട്ട് വരെയേ പീക്ക് ആവശ്യകത വേണ്ടി വരൂ എന്നായിരുന്നു അനുമാനം. 5800 മെഗാവാട്ട് വരെ താങ്ങാനാവുന്ന സംവിധാനമേ കെ.എസ്.ഇ.ബിക്കുള്ളൂ. അതിന് മുകളിലേക്ക് പോയാല്‍ ഗുരുതര പ്രതിസന്ധി. പീക്ക് ആവശ്യകത കാരണം അമിത ലോഡ് പ്രവഹിക്കുമ്പോള്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ട്രിപ്പാകും. ഇതാണ് വൈദ്യുതി തടസ്സപ്പെടുന്നതിന് കാരണമാകും.

കേന്ദ്ര പൂളില്‍ വൈദ്യുതി കിട്ടാത്ത അവസ്ഥയുമുണ്ട്. എസിയുടെ കനത്ത ഉപയോഗമാണ് കെ.എസ്.ഇ.ബിയെ വെട്ടിലാക്കുന്നത്. കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. സോളാര്‍ സ്ഥാപിച്ചവരാണ് കൂടുതലായി എസി ഉപയോഗിക്കുന്നതെന്നാണ് നിഗമനം.

ട്രാന്‍സ്‌ഫോര്‍മറുകളും ഫീഡര്‍ ലൈനുകളും നവീകരിക്കാനുള്ള 4000 കോടി രൂപയുടെ ദ്യുതി പദ്ധതി രണ്ടുവര്‍ഷം മുമ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്.ഇതാണ് ട്രാന്‍സ്‌ഫോര്‍മറുകള്‍ കേടാകാന്‍ കാരണമെന്ന് പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ദ്യുതി പദ്ധതി നിര്‍ത്തി വച്ചത്.

മഴ തുടങ്ങിയാല്‍ പ്രതിസന്ധിക്ക് അയവു വരും. ലോഡ് ഷെഡിങ് ഒഴിവാക്കി അതുവരെ കാത്തിരിക്കാനാകുമോ എന്നതാണ് ബോര്‍ഡിന് മുന്നിലെ പ്രശ്‌നം.


Reporter
the authorReporter

Leave a Reply