Friday, May 17, 2024
General

സച്ചിന്‍ദേവ് ബസില്‍കയറിയത് ടിക്കറ്റെടുത്ത് ഡിപ്പോയിലേക്ക് പോകാന്‍; എ.എ റഹീം


മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരണുമായി എ.എ റഹീം എം.പി. ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസില്‍ കയറിയെന്ന് എ.എ റഹീം സ്ഥിരീകരിച്ചു. എന്നാല്‍ സച്ചിന്‍ ബസില്‍ കയറിയെങ്കിലും യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.എ റഹീം പറഞ്ഞു.

സച്ചിന്‍ദേവ് എം.എല്‍.എ ശ്രമിച്ചത് ടിക്കറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്കുപോകാനാണെന്നും റഹീം പറഞ്ഞു. തനിക്ക് കൂടി ഒരു ടിക്കറ്റ് തരൂ. വണ്ടി നേരെ ഡിപ്പോയിലേക്ക് പോകട്ടെയെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. വഴിയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് നിര്‍ത്തേണ്ടതായി വന്നാല്‍ സാധാരണനിലയില്‍ എന്താണോ ചെയ്യുക അതാണ് അവിടെ ഉണ്ടായതെന്നും റഹീം പറഞ്ഞു. ഇത് സംബന്ധിച്ച് രൂക്ഷമായ സൈബര്‍ ആക്രമാണ് ആര്യക്കെതിരെ നടത്തുന്നത്.

സംഭവം ഉണ്ടായതിന് പിന്നാലെ അവര്‍ ആദ്യം വിവരം പൊലീസിനെയാണ് അറിയിച്ചത്. തുടര്‍ന്ന് അവര്‍ വാഹനത്തെ പിന്തുടര്‍ന്നു. സിഗ്‌നലില്‍ വാഹനം നിര്‍ത്തിയതിന് പിന്നാലെ, കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി. അവര്‍ ഒരുതരത്തിലും നിയമം കൈയിലെടുത്തില്ല. ഡി.വൈ.എഫ്.ഐക്കാരെ വിളിച്ചുവരുത്തിയിട്ടില്ല. പൊലീസ് വരുന്നതുവരെ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി. ആരായാലും ഇങ്ങനെയല്ലേ കാര്യങ്ങള്‍ ചെയ്യുക?. ഇതാണ് അവിടെയും സംഭവിച്ചതെന്ന് റഹീം പറഞ്ഞു.

വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്‌ക്കെതിരേയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരേയും നടക്കുന്നത് അങ്ങേയറ്റത്തെ സൈബര്‍ ബുള്ളിയിങ്ങാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഏകപക്ഷീയമായി കേറി സൈബര്‍ ആക്രമണംനടത്തിയാല്‍ ഈ പണിയെല്ലാം നിര്‍ത്തിപോകുമെന്ന് ആരും കരുതേണ്ട. അവര്‍ ഇടതുപക്ഷമായതുകൊണ്ട് മാത്രമാണ് ആക്രമിക്കപ്പെടുന്നതെന്നും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഇറക്കിവിട്ടിരിക്കുന്ന സൈബര്‍ ഗുണ്ടകളെ തിരിച്ചുവിളിക്കുന്നതാണ് നല്ലതെന്നും റഹീം പറഞ്ഞു.


Reporter
the authorReporter

Leave a Reply