കോഴിക്കോട്: ഒരു കോടിയില്‍ നാലു പേര്‍ക്കു മാത്രം വരാവുന്ന അപൂര്‍വ്വതരം കാന്‍സര്‍ ബാധിച്ച 47-കാരിക്ക് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ വിജയകരമായ ചികിത്സ നല്‍കി. രക്താര്‍ബുദത്തിലെ അപൂര്‍വ്വരോഗങ്ങളില്‍പ്പെട്ട പ്രൈമറി പ്ലാസ്മ സെല്‍ ലുക്കീമിയ ബാധിച്ച വനിതയാണ് ആന്റി പ്ലാസ്മ സെല്‍ തെറപിയും മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി വിജയകരമായി ജീവിതത്തിലേക്ക് തിരിച്ചുനടന്നത്.
പ്ലേറ്റ്‌ലറ്റ് എണ്ണം വളരെ കുറഞ്ഞ് തളര്‍ന്ന അവസ്ഥയില്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അസുഖം ഗുരുതരമാണെന്ന് അറിയുന്നതും മേയ്ത്ര ഹോസ്പിറ്റലിലേക്ക് മാറ്റിയതും. നിരവധി പരിശോധനകള്‍ക്കു ശേഷം രോഗനിര്‍ണ്ണയം ഉറപ്പുവരുത്തി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ബ്ലഡ് ഡിസീസ്, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറപിക്കു കീഴിലുള്ള മൈലോമ ക്ലിനിക്കിലെ അതിവിദഗ്ധരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. മജ്ജയിലെ കാന്‍സര്‍ ബാധിത പ്ലാസ്മ കോശങ്ങള്‍ രക്തത്തിലേക്കു കൂടി പടരുന്ന രോഗാവസ്ഥയാണ് മള്‍ട്ടിപ്പ്ള്‍ മൈലോമയുടെ ഉപവിഭാഗമായി വരുന്ന പ്രൈമറി പ്ലാസ്മ സെല്‍ ലുക്കീമിയ. മറ്റു കാന്‍സറുകളെ പോലെ രൂപമാറ്റങ്ങളോടെ രക്തത്തിലേക്ക് പടരുന്നതിനു പകരം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ തന്നെ പടരുന്ന കാന്‍സര്‍ ആണിത്. ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധരില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ ക്ലിനിക്കല്‍, മെഡിക്കല്‍, റേഡിയേഷന്‍ ഓങ്കോളജി, ട്രാന്‍സ്പ്ലാന്റേഷന്‍ വിദഗ്ധരെ അണിനിരത്തിയാണ് മേയ്ത്ര ഹോസ്പിറ്റല്‍ ഈ രംഗത്തെ സമഗ്ര ചികിത്സ ലഭ്യമാക്കുന്നത്.
ആഗോള തലത്തില്‍ നോക്കിയാല്‍ ഒരു കോടി പേരില്‍ നാലു പേര്‍ക്കു മാത്രം വരുന്ന, അധികവും വനിതകളില്‍ മാത്രം കാണുന്ന രോഗമാണിതെന്ന് ഹെമറ്റോ-ഓങ്കോളജി ആന്റ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. രാജ്യത്ത് ഒരു വര്‍ഷത്തില്‍ ശരാശരി 400 പേര്‍ക്ക് മാത്രം വരാവുന്ന അസുഖം എന്ന നിലയില്‍ അതിസൂക്ഷ്മമായ ചികിത്സ നല്‍കുക എന്നത് ഫലപ്രാപ്തിയുടെ നിര്‍ണ്ണായ ഘടകമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പ്രയോഗവും ഗവേഷണത്തിന്റെയും പരിശീലനത്തിന്റെയും അതോടൊപ്പം അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ പിന്തുണ കൂടി ലഭിച്ചതുകൊണ്ടാണ് രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്ന വിധത്തില്‍ ഇടപെടാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രോഗാവസ്ഥകള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് മെഡിക്കല്‍ ഓങ്കോളജി ആന്റ് കാന്‍സര്‍ ഇമ്യൂണോതെറപി അസോസിയേറ്റ് കണ്‍സല്‍ട്ടന്റ് ഡോ. ആന്റണി ജോര്‍ജ്ജ് ഫ്രാന്‍സിസ് തോട്ടിയാന്‍ അഭിപ്രായപ്പെട്ടു.
അപൂര്‍വ്വ രക്താര്‍ബുദം ചികിത്സിച്ച് രോഗിക്ക് മികച്ചൊരു ആരോഗ്യാവസ്ഥ സാധ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇത്തരം രോഗലക്ഷണങ്ങളുള്ളവര്‍ കാലതാമസം കൂടാതെ ആശുപത്രിയിലെത്തി നേരത്തെ തന്നെ ചികിത്സ തേടുകയാണ് വേണ്ടതെന്നും ഹോസ്പിറ്റല്‍ ഡയറക്ടറും അഡ്വൈസറും സെന്റര്‍ ഓഫ് ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു. പ്ലാസ്മ സെല്‍ ലുക്കീമിയ പോലുള്ള കാന്‍സര്‍ രോഗങ്ങളുണ്ടെന്ന് തിരിച്ചറിയുകയെന്നത് രോഗിയെയും കുടുംബത്തെയും സംബന്ധിച്ച് വളരെ പ്രയാസകരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത് എന്നും രോഗാവസ്ഥയെക്കുറിച്ച് ഓരോ രോഗിക്കും കുടുംബത്തിനും വളരെ നല്ല നിലയില്‍ ബോധ്യപ്പെടുത്തിയുള്ള ചികിത്സാ രീതിയാണ് ഹോസ്പിറ്റല്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയ്ത്ര ഹോസ്പിറ്റലിലെ മൈലോമ ക്ലിനിക്ക് എല്ലാ വ്യാഴാഴ്ചയും പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ആയും 9990720583 എന്ന നമ്പറിലും ബുക്കിംഗ് നടത്താം.