Latest

സമസ്തയുടെ മാതൃക രാജ്യവ്യാപകമാക്കും: കാന്തപുരം

Nano News

കോഴിക്കോട്:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈജ്ഞാനിക-സാമൂഹിക മുന്നേറ്റ മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യവസ്ഥാപിതമായി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. 1926 ജൂൺ 26-ന് കോഴിക്കോട് ഖാളി സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത രൂപീകൃതമായ അതേ ചരിത്രപ്രധാന വേദിയായ കോഴിക്കോട് ടൗൺഹാളിൽ സമസ്‌ത സ്ഥാപകദിന സംഗമത്തിൽ പണ്ഡിതസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു നൂറ്റാണ്ട് മുമ്പ് ഇതേ കോഴിക്കോട് ടൗൺഹാളിൽ വെച്ച് രൂപീകൃതമായ പ്രസ്ഥാനത്തിന്റെ ഇഖ്‌ലാസും (നിഷ്‌കളങ്കത) ഉദാത്തമായ ലക്ഷ്യബോധവുമാണ്, നൂറു വർഷങ്ങൾക്കിപ്പുറവും അതേ ആദർശപാതയിൽ ഇങ്ങനെ ഒരുമിച്ചുകൂടാൻ തങ്ങൾക്ക് അവസരമൊരുക്കിയതെന്ന് കാന്തപുരം ഓർമ്മിപ്പിച്ചു.
സമസ്ത സെന്റിനറിയുടെ ഭാഗമായി രാജ്യത്തിന്റെ മതേതരത്വവും ഐക്യവും ശക്തിപ്പെടുത്താനും, പാർശ്വവൽകൃത ജനതയെ സ്വയംപര്യാപ്തമാക്കാനുമുള്ള പദ്ധതികൾ സമസ്ത നടപ്പിലാക്കും. തീവ്രവാദ, മതപരിഷ്കരണ, മതനിരാസ സമീപനങ്ങളെ ശക്തമായി ചെറുക്കും. ആദർശ-ആത്മീയ പുരോഗതിയോടൊപ്പം സേവന സാന്ത്വന മേഖലകളിൽ വിപുലമായ കർമപദ്ധതികൾ ആവിഷ്കരിക്കുമെന്നും സംഘടന എക്കാലവും മുറുകെപ്പിടിച്ച വർഗീയ-തീവ്രവാദ വിരുദ്ധ നിലപാട് ശക്തമായി തുടരുമെന്നും കാന്തപുരം വ്യക്തമാക്കി.


അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർഥ വിധിക്കനുസരിച്ച് ഇസ്‌ലാം മത പ്രബോധനം നടത്തുക, സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുക, മതമൂല്യങ്ങൾക്ക് ഹാനി തട്ടാത്ത വിധം ലൗകിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിയമാവലിയിലെ സ്ഥാപിത ലക്ഷ്യങ്ങളിൽ ഊന്നിയാണ് സംഘടന ഇന്നും പ്രവർത്തിക്കുന്നത്. ലോകത്തിന് തന്നെ മാതൃകയായ മദ്‌റസ സംവിധാനത്തിന് പുറമെ സ്കൂളുകളും പ്രൊഫഷണൽ വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്ഥാപിച്ച് വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മുൻപന്തിയിൽ എത്താൻ സമസ്തയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന നടപടികളെ പ്രോത്സാഹിപ്പിക്കരുതെന്ന് കാന്തപുരം സർക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തെ തകിടം മറിക്കുന്ന പി.എം. ശ്രീ പദ്ധതിയും കേരളം ഉപേക്ഷിക്കണം. നേരത്തെ തന്നെ ഇരുമുന്നണികളും ഇക്കാര്യത്തെ എതിർത്തതാണല്ലോ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആര് ഭരിച്ചാലും മുഖം നോക്കാതെ രാഷ്ട്രീയ കാര്യങ്ങൾ തങ്ങൾ പറയാറുണ്ട്. അതേസമയം, ലഹരി വ്യാപനം തടയുന്നതിന് സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം സർക്കാറിന്റെ ജനോപകാരപ്രദമായ മുഴുവൻ നടപടികളുമായും സമസ്ത സഹകരിക്കുമെന്നും വ്യക്തമാക്കി.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽഖാദർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വെച്ച് സമസ്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ലോഗോ പ്രകാശനവും നിർവഹിക്കപ്പെട്ടു. സമസ്ത സെന്റിനറി നിധിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര മുശാവറ അംഗം പുറക്കാട് മൊയ്തീൻ കുട്ടി മുസ്‌ലിയാരിൽ നിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ട് കാന്തപുരം നിർവഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി സമസ്ത സെന്ററിൽ നേതാക്കൾ ചേർന്ന് പതാക ഉയർത്തി. വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി സ്വാഗതവും വി.പി.എം. വില്യാപ്പള്ളി നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply