കോഴിക്കോട്: പിഎസ് സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടുളിക്കെതിരെ മാത്രം പാര്‍ട്ടി നടപടിയെടുത്ത് വമ്പന്‍ സ്രാവുകളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പാർട്ടിക്കകത്ത് പരാതി കിട്ടിയിട്ടില്ലെന്നും വാദിച്ചവര്‍ ഇപ്പോള്‍ പ്രമോദിനെ പുറത്താക്കിയിരിക്കുകയാണ്.
പ്രമോദും,കുടുംബവും ഡോക്ടര്‍ ദമ്പതിമാരുടെ വീട്ടിന് മുന്നില്‍ കുത്തിയിരുന്നതോടെ വിഷയം പിഎസ് സി കോഴ തന്നെയെന്നും തെളിഞ്ഞു. സിപിഎമ്മിന് ഇതിലും വലിയ ഒരു നാണക്കേട് ഇനി വരാനില്ല.സിപിഎമ്മിനെ രക്ഷിച്ചെടുക്കാന്‍ നല്കുന്ന നാഥനില്ലാ വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. പ്രമോദിന്‍റെ കൂട്ടാളിയായി ആരെങ്കിലുമുണ്ടെങ്കില്‍ പേര് സഹിതം പുറത്ത് വിടണം.
അല്ലാതെ ലഭ്യമായ വിവരം,സൂചന, മൂഴിക്കല്‍ സ്വദേശി,പ്രാദേശിക നേതാവ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് ബിജെപിയെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്ന കുതന്ത്രം വിലപ്പോവില്ല. ഭരണഘടനാ സ്ഥാപനമായ പിഎസ് സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ അംഗത്വ നിയമനങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം കൂടിയേ തീരൂ.ബിജെപി പ്രക്ഷോഭം ശക്തമാക്കുമെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.