Thursday, May 16, 2024
General

കൊച്ചി വാട്ടർമെട്രോയുടെ ചാർജ് കൂട്ടിയതിൽ പ്രതിഷേധം


വാട്ടർമെട്രോയുടെ വൈപ്പിന്‍ – എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി. 50 ശതമാനം വർധനയാണ് കൊണ്ടുവന്നത്. ഇതോടെ ചാർജ് 30 രൂപയായി ഉയർന്നു. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്.

സ്ഥിരം യാത്രക്കാർ ഏറെയുള്ള റൂട്ടിലെ ചാർജ് വർധന സാധാരണക്കാർക്ക് തിരിച്ചടിയാകും. ചാര്‍ജ് വര്‍ധന ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചാർജ് വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈപ്പിന്‍ ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ മജ്‌നു കോമത്ത്, ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ രംഗത്ത് വന്നു.

ഈയിടെ ആരംഭിച്ച ഹൈക്കോര്‍ട്ട് – ഫോർട്ട് കൊച്ചി റൂട്ടിൽ 40 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദേശ സഞ്ചാരികൾ ഉൾപ്പെടെ ഏറെ യാത്രക്കാരുള്ള റൂട്ടാണ് ഫോർട്ട് കൊച്ചി റൂട്ട്. 20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിൽ ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ വാട്ടര്‍ മെട്രോ സര്‍വിസ് നടത്തുന്നുണ്ട്.

2023 ഏപ്രിലിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. തുടക്കം മുതലേ വൈപ്പിന്‍ – എറണാകുളം സർവീസ് ഉണ്ടായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സർവീസ് ഈ ഏപ്രിൽ 21 നാണ് ആരംഭിച്ചത്. കഴിഞ്ഞ മാസം വാട്ടര്‍ മെട്രോ സര്‍വീസ് ചേരാനെല്ലൂരിലേക്കും വ്യാപിപ്പിച്ചിരുന്നു. നിലവില്‍ അഞ്ച് റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 14 ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്.


Reporter
the authorReporter

Leave a Reply