Friday, December 6, 2024
HealthLatest

അവയവമാറ്റം: മേയ്ത്ര ഹോസ്പിറ്റലിന് കെ എന്‍ ഒ എസ് അംഗീകാരം


കോഴിക്കോട്: അവയവങ്ങള്‍ മാറ്റി വയ്ക്കുന്നതിനുള്ള അംഗീകാരം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിന്റെ(കെ.എന്‍.ഒ.എസ്) അംഗീകാരം മേയ്ത്ര ഹോസ്പിറ്റലിന് ലഭിച്ചു. രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയായതോടെ മേയ്ത്ര ഹോസ്പിറ്റലിന് ലൈസന്‍സോടു കൂടിയ അവയവ മാറ്റിവയ്ക്കലുകള്‍ക്ക് അനുമതിയായി.
അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ച് ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ട് കഴിയുന്ന നിരവധി പേര്‍ക്ക് ഹൃദയം, ശ്വാസകോശം, വൃക്ക, പാന്‍ക്രിയാസ്, ചെറുകുടല്‍ തുടങ്ങിയവ മാറ്റിവയ്ക്കാന്‍ ഇനി സാധിക്കും.
അവയവദാനത്തിന് സമ്മതിച്ചവരുടെ എണ്ണം രാജ്യത്ത് 0.01 ശതമാനം മാത്രമാണെങ്കില്‍ അവയവം മാറ്റിവച്ചാല്‍ ജീവിക്കാന്‍ കഴിയുമായിരുന്നിട്ടും അതിനു കഴിയാതെ മരിച്ചുപോകുന്നവര്‍ 0.05 ശതമാനത്തോളം വരും. മേയ്ത്രയിലെ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റിന് ലഭിച്ച ഈ അംഗീകാരം അനവധി പേര്‍ക്ക് നഷ്ടപ്പെടുമെന്നു കരുതിയ ജീവന്‍ തിരിച്ചു നല്‍കാനുള്ള വഴി തുറക്കുന്നതാണെന്നും ഹോസ്പിറ്റലിന് ലഭിച്ച ബഹുമതിയായി കണക്കാക്കുന്നുവെന്നും ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. അവയവദാനം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഈ സംവിധാനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവയവം മാറ്റിവയ്ക്കല്‍ കാത്തുകിടക്കുന്ന ഒട്ടനവധി പേര്‍ക്ക് ആശ്വാസം പകരാന്‍ മേയ്ത്ര ഹോസ്പിറ്റലിലെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന അവസരമാണ് ഈ അംഗീകാരത്തിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.
അവയവങ്ങള്‍ നീക്കം ചെയ്യുക, സംഭരിച്ചു വയ്ക്കുക, പുതിയ ശരീരങ്ങളില്‍ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം നിയമപരമായി ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്റ് ടിഷ്യൂസ് ആക്ട് 1994 പ്രകാരം നിയന്ത്രിക്കപ്പെടുന്നതാണെന്ന് മൃതസഞ്ജീവനി, കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിംഗ് സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. നോബ്ള്‍ ഗ്രേഷ്യസ് പറഞ്ഞു. ജീവരക്ഷയ്ക്കായി അവയവദാനം കാത്തുകിടക്കുന്ന രോഗികളില്‍ ക്രമമനുസരിച്ച് അര്‍ഹരായവരുടെ കൈകളിലേക്ക് തന്നെ സേവനം എത്തുമെന്ന് ഉറപ്പാക്കുന്ന സംവിധാനമാണ് നിലവിലുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും തരത്തിലുള്ള വാണിജ്യ, നിയമവിരുദ്ധ ഇടപെടലുകളോ ഇക്കാര്യത്തില്‍ നടക്കില്ല. ഈ സംവിധാനം രൂപീകരിച്ച ഓഗസ്ത് 2012 മുതല്‍ ഇതുവരെ 565 വൃക്ക, 64 ഹൃദയം, 4 ശ്വാസകോശം, 5 ചെറുകുടല്‍, 11 പാന്‍ക്രിയാസ് തുടങ്ങിയ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസ്തികഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങള്‍ ജീവിതം സ്തംഭനാവസ്ഥയില്‍ എത്തിയ എട്ടു പേര്‍ക്കെങ്കിലും ദാനം ചെയ്യാന്‍ കഴിയുമെന്ന് ചെന്നൈ എം.ജി.എം ഹെല്‍ത്ത് കെയര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍ട്ട് ആന്റ്  ലംഗ് ട്രാന്‍സ്പ്ലാന്റ് ആന്റ് മെക്കാനിക്കല്‍ സര്‍ക്കുലേറ്ററി സപ്പോര്‍ട്ടിലെ കാര്‍ഡിയാക് സയന്‍സസ് ചെയര്‍മാനും ഡയറക്ടറുമായ ഡോ. കെ ബാലകൃഷ്ണന്‍ പറഞ്ഞു. ഓരോ വര്‍ഷവും ജീവന്‍ രക്ഷിക്കാന്‍ അവയവദാതാക്കളെയും പ്രതീക്ഷിച്ചിരിക്കുന്ന അഞ്ചു ലക്ഷം പേരുണ്ട്. ലിവിംഗ് ഡോണറില്‍ നിന്നുള്ള അവയവദാനങ്ങള്‍ക്കപ്പുറം മരണശേഷമുള്ള അവയവ ദാനങ്ങളും ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവയവ മാറ്റം കാത്തിരിക്കുന്ന നിരവധി രോഗികള്‍ക്ക് ആശ്വാസമെത്തിക്കാനും അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള അവസരമാണ് മേയ്ത്ര ഹോസ്പിറ്റലിന് കെ.എന്‍.ഒ.എസ് അംഗീകാരത്തോടെ കൈവന്നിരിക്കുന്നത്.

Reporter
the authorReporter

Leave a Reply