Friday, December 20, 2024
GeneralLatestPolitics

കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ


ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ഡൽഹി പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവർത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പിഎഫ്ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പട്ടാപ്പകൽ ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് സഞ്ജിത്ത് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവം നടന്നത് ദേശീയപാതയിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെയായിട്ടും വാഹനങ്ങൾ പരിശോധിക്കാനോ ​ഗതാ​ഗതം ബ്ലോക്ക് ചെയ്യാനോ പൊലീസ് തയ്യാറായില്ല. സിവിൽ പൊലീസുകാരൻ ദൃക്സാക്ഷിയായ കൊലപാതകമായിരുന്നിട്ടും പൊലീസ് 7 ദിവസം കഴിഞ്ഞാണ് പ്രതികളുടെ വാഹനത്തിന്റെ ഫോട്ടോ പോലും പുറത്തുവിട്ടത്. സിപിഎം- പോപ്പുലാർ ഫ്രണ്ട് കൂട്ടുക്കെട്ടാണ് പൊലീസിന്റെ നിഷ്ക്രിയത്വത്തിന് കാരണം. പാലക്കാട് ജില്ലയിൽ ഉൾപ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇവർ ഒരുമിച്ചാണ് ഭരിക്കുന്നത്. സർക്കാരും പൊലീസും പോപ്പുലാർ ഫ്രണ്ട് ഭീകരവാദികളെ പിന്തുണയ്ക്കുകയാണ്. കേരളത്തിലെ കാര്യങ്ങളെല്ലാം ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുമ്പിൽ അവതരിപ്പിച്ചു. ബിജെപിക്ക് മാത്രം അല്ല എല്ലാ വിഭാ​ഗം ജനങ്ങൾക്കും കേരളത്തിലെ മതതീവ്രവാദം ആപത്താണ്. പാലാ ബിഷപ്പ് ഹൗസ് അക്രമിക്കാനുള്ള മതതീവ്രവാദികളുടെ നീക്കം ഇതാണ് തെളിയിക്കുന്നത്. അതിനെ പ്രതിരോധിക്കാൻ ബിജെപി പ്രവർത്തകർ മാത്രമാണ് മുന്നിട്ടിറങ്ങിയത്.
ഈ അടുത്തകാലത്തായി ആയിരക്കണക്കിന് ഹലാൽ ഹോട്ടലുകളാണ് കേരളത്തിൽ ഉയരുന്നത്. വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ  ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തീവ്രവാദികളുടെ അജണ്ടയാണിത്. ഇത് കേരളത്തെ പതുക്കെ മറ്റൊരു സിറിയയാക്കി മാറ്റും. കരിവന്നൂർ സഹകരണ ബാങ്കിൽ നടന്ന വൻ അഴിമതി സിബിഐയെ ഏൽപ്പിക്കണമെന്നും അമിത്ഷായോട് അഭ്യർത്ഥിച്ചതായി സുരേന്ദ്രൻ പറഞ്ഞു.
 
കേരളത്തിൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ആരും സംസാരിക്കാൻ പാടില്ല എന്നതാണ് സാഹചര്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. തീവ്രവാദികൾക്കെതിരെ സംസാരിച്ചാൽ എല്ലാവരും കൂട്ടായെത്തി ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. സിപിഎം,കോൺ​ഗ്രസ് പ്രവർത്തകരും പോപ്പുലാർ ഫ്രണ്ടിന്റെ കൊലക്കത്തിക്ക് ഇരയായിട്ടും രാഷ്ട്രീയ താത്പര്യം കൊണ്ടാണ് സർക്കാർ നടപടിയെടുക്കാത്തത്.
സംസ്ഥാനത്ത് നടക്കുന്ന ഇത്തരം വിധ്വംസന പ്രവർത്തനങ്ങളുടെ ഇരയാവുന്നത് കേരളത്തിലുള്ള ജനങ്ങളാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ സാഹചര്യം കാരണം നിക്ഷേപകർ അയൽ സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്.
കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ് ബിജെപി സംസ്ഥാന നേതൃത്വം ഉയർത്തുന്നതെന്ന് ദേശീയ വക്താവ് ടോം വടക്കൻ പറഞ്ഞു. തീവ്രവാദികളെ ഒറ്റപ്പെടുത്തണമെന്നാണ് കേരളത്തിലെ മുഴുവൻ ജനങ്ങളും ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/KSurendranOfficial/videos/1150725212124020

Reporter
the authorReporter

Leave a Reply