കോഴിക്കോട്: ബ്രെയ്ന്‍ ട്യൂമര്‍ ചികിത്സാ രംഗത്ത് ലോകോത്തര നിലവാരമുള്ള ചികിത്സകള്‍ ഏകോപിപ്പിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ബ്രെയ്ന്‍ ട്യൂമര്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. നവജാത ശിശുക്കള്‍, കുട്ടികള്‍ തുടങ്ങി എല്ലാ പ്രായക്കാര്‍ക്കും വന്നുകൊണ്ടിരിക്കുന്ന ബ്രെയ്ന്‍ ട്യൂമര്‍ സംബന്ധമായ സമഗ്ര ചികിത്സയാണ് ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നത്.
2018ല്‍ നടത്തിയ സര്‍വ്വെ പ്രകാരം രാജ്യത്ത് കാണപ്പെടുന്ന ട്യൂമറുകളില്‍ 10ാം സ്ഥാനത്താണ് ബ്രെയ്ന്‍ ട്യൂമര്‍. പ്രായ-ലിംഗ ഭേദമെന്യെ എല്ലാവരിലും ഈ അസുഖം കണ്ടുവരുന്നുണ്ട്. ബ്രെയ്ന്‍ ട്യൂമര്‍ ഉണ്ടെന്ന് യഥാസമയം കണ്ടെത്താനായില്ലെങ്കില്‍ മരണത്തില്‍ കലാശിച്ചേക്കാവുന്ന രോഗമാണിത്. മലബാര്‍ മേഖലയിലെ ആദ്യ സമഗ്ര ക്ലിനിക്കാണ് മേയ്ത്രയില്‍ ആരംഭിച്ചിരിക്കുന്നത്. ക്ലിനിക്കില്‍ എല്ലാ വിധത്തിലുള്ള ബ്രെയ്ന്‍ ട്യൂമറുകളും – അപകടരമല്ലാത്തതും, മാരകമായതും, കൂടാതെ തലച്ചോറിനു പുറത്തുവച്ച് രൂപംകൊണ്ടു തുടങ്ങുന്നവ- തുടങ്ങിയവയെല്ലാം അത്യാധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തി ഏറ്റവും ഉചിതമായ ചികിത്സ ലഭ്യമാക്കുകയാണ് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ന്യൂറോസയന്‍സിന്റെ ഭാഗമായുള്ള ക്ലിനിക്കിലൂടെ ലക്ഷ്യമാക്കുന്നത്.
ന്യൂറോസര്‍ജന്മാര്‍, ന്യൂറോളജിസ്റ്റുകള്‍, ന്യൂറോ റേഡിയോളജിസ്റ്റുകള്‍, ന്യൂറോ ഓങ്കോളജിസ്റ്റുകള്‍, ന്യൂറോ പാത്തോളജിസ്റ്റുകള്‍ തുടങ്ങിയവരടങ്ങുന്ന വിദഗ്ധ സംഘമാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ബ്രെയ്ന്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍ പലതും മറ്റു രോഗങ്ങളുടേതുമായി സാമ്യമുള്ളതായതുകൊണ്ട് യഥാര്‍ഥ രോഗം കണ്ടുപിടിക്കപ്പെടാതെ പോകാന്‍ സാധ്യതയുണ്ട്. യഥാസമയം കണ്ടുപിടിക്കാന്‍ കഴിയാതെ പോയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതുകൊണ്ടു കൂടിയാണ് ബ്രെയ്ന്‍ ട്യൂമറിനു മാത്രമായി പ്രത്യേക ക്ലിനിക്ക് ആരംഭിച്ചതെന്ന് സെന്റര്‍ ഓഫ് ന്യൂറോ സയന്‍സ് ചെയര്‍മാന്‍ ഡോ. കെ.എ. സലാം പറഞ്ഞു. അത്യാധുനികമായ ന്യൂറോഇമേജിംഗ്, ന്യൂറോകോഗ്‌നിറ്റീവ് ഉപകരണങ്ങള്‍ ഉപയോഗിച്ച് രോഗം കണ്ടെത്തുകയും ഉടന്‍ തന്നെ ചികിത്സ നല്‍കുകയും ചെയ്താല്‍ ട്യൂമര്‍ കൂടുതല്‍ വളരാതിരിക്കാനും അടുത്ത ഘട്ടത്തിലേക്ക് പോകാതിരിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രെയ്ന്‍ ട്യൂമറിന്റെ കാര്യത്തില്‍ രോഗബാധ എവിടെ തുടങ്ങിയെന്നതും വളര്‍ച്ചയും വികാസവും ഏതു ഘട്ടം വരെ എത്തിയെന്നതും ചികിത്സ നിശ്ചയിക്കുന്നതില്‍ വളരെ നിര്‍ണ്ണായകമാണെന്ന് ന്യൂറോ സര്‍ജറി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മിഷെല്‍ ജോണി പറഞ്ഞു. ഓരോ രോഗിയുടെ കാര്യവും പ്രത്യേകമായി പരിഗണിച്ചായിരിക്കും ക്ലിനിക്കില്‍ കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
തലയോട്ടി തുറക്കാതെ തന്നെ ശസ്ത്രക്രിയ ചെയ്യാവുന്ന ഏറ്റവും പുതിയ രീതിയായ മിനിമലി ഇന്‍വേസീവ് എന്‍ഡോനേസല്‍ സര്‍ജിക്കല്‍ ട്യൂമര്‍ റിമൂവല്‍ പ്രൊസീജിയറും ക്ലിനിക്കില്‍ ലഭ്യമാണ്. രോഗം തിരിച്ചറിയുന്ന നിമിഷം മുതല്‍ രോഗം ഇല്ലാതാക്കുകയോ രോഗവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ ലഘൂകരിക്കുകയോ ചെയ്യാന്‍ സന്നദ്ധരായ വിദഗ്ധരെ അണി നിരത്തുക എന്നതാണ് മേയ്ത്ര ഹോസ്പിറ്റലിന്റെ പ്രവര്‍ത്തന രീതിയെന്ന് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. വേദനകളില്‍ നിന്ന് മോചനം നേടാന്‍ ആദ്യം നീളുന്ന കൈകളാവണം നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.
ചില രോഗങ്ങള്‍ക്ക് അതി സൂക്ഷ്മവും തീവ്രവുമായ പരിചരണങ്ങളാണ് ആവശ്യം. ഇത്തരം ഘട്ടങ്ങളില്‍ ചികിത്സകരുടെ ദൗത്യമെന്നത് രോഗത്തിനുള്ള ചികിത്സ നല്‍കുക എന്നതോടൊപ്പം തന്നെ രോഗിക്ക് ജീവിതത്തിന് മറ്റു പ്രയാസങ്ങളൊന്നും കൂടാതെ വേണം ചികിത്സ നടപ്പാക്കുക എന്നതുകൂടിയാണെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും സെന്റര്‍ ഓഫ് ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു. ബ്രെയ്ന്‍ ട്യൂമര്‍ പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ശാരീരികമായും മാനിസികമായും ജീവിതത്തെ ആകെ ബാധിക്കുന്ന രോഗമായതുകൊണ്ട് ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.