ദുബായ്: പാകിസ്ഥാനെ തീര്‍ത്ത് ഏഷ്യാ കപ്പ് ഉയര്‍ത്തി ഇന്ത്യ. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് പാകിസ്ഥാനെ തകര്‍തത്തത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ്സ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മ (53 പന്തില്‍ 69) പോരാട്ടമാണ് ഇന്ത്യക്ക് ഏഷ്യാ കപ്പ് സമ്മാനിച്ചത്. ശിവം ദുബെയുടെ (22 പന്തില്‍ 33) പ്രകടനം നിര്‍ണായകമായി. സഞ്ജു സംസണ്‍ 21 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി.അവസാന രണ്ട് ഓവറില്‍ 17 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പാക് പേസര്‍ ഫഹീം അഷ്‌റഫിന്റെ ആദ്യ പന്തില്‍ തിലക് സിംഗിളെടുത്തു. രണ്ടാം പന്തില്‍ ദുബെയും ഒരു റണ്‍ ഓടിയെടുത്തു. മൂന്നാം പന്തിലും ഒരു റണ്‍. നാലാം പന്ത് ദുബെ ബൗണ്ടറിയിലേക്ക് പായിച്ചു, ഫോര്‍. അഞ്ചാം പന്തില്‍ റണ്ണില്ല. അവസാന പന്തില്‍ ദുബെ പുറത്ത്. ലോംഗ് ഓഫില്‍ ഷഹീന്‍ അഫ്രീദിക്ക് ക്യാച്ച്. രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസിലെത്തിയത് റിങ്കു സിംഗ്.
അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 10 റണ്‍സ്. ഹാരിസ് റൗഫിന്റെ ആദ്യ പന്തില്‍ തിലക് രണ്ട് റണ്‍ ഓടിയെടുത്തു. രണ്ടാം പന്തില്‍ സിക്‌സ്. പിന്നീട് ജയിക്കാന്‍ വേണ്ടത് നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രം. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്ത് നേരിട്ട റിങ്കു സിംഗ് ബൗണ്ടറി നേടി വിജയമാഘോഷിച്ചു. റിങ്കു സിംഗ് (4), തിലകിനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് അപകടകാരിയായ അഭിഷേക് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി. ഫഹീമിന്റെ പന്തില്‍ മിഡ് ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്