കോഴിക്കോട്: ഏത് മുന്നണി ഹർത്താലിന് ആഹ്വാനം ചെയ്താലും തെല്ലിട ഏശാത്ത ഒരിടമാണ് കോഴിക്കോട് ജില്ലയിലെ തീരദേശ മേഖലയായ നൈനാം വളപ്പ്.എന്നാൽ ഈ ചരിത്രം മാറ്റിക്കുറിച്ചിരിക്കുകയാണ്.ജനങ്ങൾക്ക് വേണ്ടിയാണെന്നു മാത്രം.നൈനാംവളപ്പ് ഉൾപ്പെടുന്ന പ്രദേശത്തെ സാരമായി ബാധിക്കുന്ന ജനകീയ വിഷയത്തിലാണ് ഇത്തരമൊരു ഹർത്താലിൽ എത്തിയത്.മറ്റ് ഹർത്താലുകളെ പരാജയപ്പെടുത്തുന്നതു പോലെ ഇന്ന് നടന്ന ഹർത്താലിനെ ജനങ്ങൾ വിജയിപ്പിക്കുകയായിരുന്നു. ഹർത്താലിനെത്തുടർന്ന് കോതി ഉൾപ്പെടുന്ന മൂന്ന് വാർഡുകളിലേയും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
കോതിയിൽ ശുചിമുറി മാലിന്യപ്ലാന്‍റ് സ്ഥാപിക്കാനുളള കോർപറേഷൻ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരസമിതിയുടെ പ്രാദേശിക ഹർത്താൽ . കോർപറേഷനിലെ 57, 58, 59ഡിവിഷനുകളിൽ ഉൾപ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹർത്താല്‍ . കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി നിവാസികൾ ഹർത്താലിനെ പൂർണമായി അനുകൂലിച്ചു.
പദ്ധതി പ്രദേശത്ത് ചുറ്റുമതിൽ നിർമ്മിക്കാനുള്ള കോർപറേഷന്‍ നീക്കത്തിനെതിരെ തുടർച്ചയായ രണ്ടാദിനവും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. വ്യാഴാഴ്ച 42 പേരെ പൊലീസ് അറസ്റ്റ് ചെ്യത് നീക്കിയിരുന്നു. ഒരു കാരണവശാലും പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നാണ് കോർപ്പറേഷൻ നിലപാട്. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ മാലിന്യ പ്ലാന്റ് വിഷയം പ്രതിപക്ഷം ഉന്നയിക്കും