അടൂര്‍: കെ.പി റോഡില്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് മരിച്ച കായംകുളം ചിറക്കടവം ഡാഫൊഡില്‍സില്‍ അനുജ (38), സംസ്‌കരാം ഇന്ന് . സുഹൃത്ത് ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷി (31) മിന്റെ മൃതദേഹം ഇന്നലെ ഖബറടക്കി. ഇരുവരുടെയും ഫോണുകള്‍ സൈബര്‍ സംഘം പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.
ഹാഷിമിന്റെ രണ്ടുഫോണും അനുജയുടെ ഒരുഫോണുമാണ് പരിശോധിക്കുന്നത്. ഒരുവര്‍ഷത്തെ വിവരങ്ങള്‍ വീണ്ടെടുക്കാനാണ് നീക്കം. തുമ്പമണ്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും ആറുമാസത്തിലേറെയായി അടുപ്പത്തിലായിരുന്നു. അനുജയ്ക്ക് ഭര്‍ത്താവും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകനുമുണ്ട്. കായംകുളം സ്വദേശിയായ ഭര്‍ത്താവിന് ബിസിനസാണ്. ഹാഷിം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഭാര്യയും കുഞ്ഞും മലപ്പുറത്താണ്. ഏറെ നാളായി സ്വന്തം കാറിലാണ് അനുജ സ്‌കൂളില്‍ വന്നിരുന്നത്. വിനോദയാത്രക്ക് പോകാനും സ്‌കൂളിലേക്ക് കാറിലാണ് എത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അപകടമരണം നടന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ തന്നെ കുടുംബത്തിന് കൈമാറിയിരുന്നു. ഇതില്‍ ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ ഖബറടക്കി. അനുജയുടെ സംസ്‌കാരം മറ്റപ്പള്ളിയിലെ വീട്ടുവളപ്പില്‍ ഇന്ന് രാവിലെ 11 മണിക്ക് നടക്കും.
അതിനിടെ, കാറില്‍ മല്‍പിടിത്തം നടന്നതായും യാത്രക്കിടെ ഡോര്‍ ഇടക്കിടെ തുറന്നുകിടന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അനുജ ജോലി ചെയ്യുന്ന തുമ്പമണ്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകര്‍ കുടുംബസമേതം ഇന്നലെ തിരുവനന്തപുരത്ത് വിനോദയാത്ര പോയിരുന്നു. ഇതില്‍ അനുജ മാത്രം ഒറ്റയ്ക്കാണ് ചെന്നത്. മടങ്ങി വരുമ്പോള്‍ രാത്രി ഒമ്പതരയോടെ കുളക്കടയില്‍ വച്ച് ഹാഷിം മാരുതി സ്വിഫ്റ്റ് കാറില്‍ എത്തി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം തടഞ്ഞ് അനുജയെ വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു.
കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റി മനപ്പൂര്‍വം അപകടം സൃഷ്ടിച്ചതാണെന്നാണ് നിഗമനം. സഹ അധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴിയില്‍ നിന്ന് ലഭിക്കുന്ന സൂചനയും ഇതാണ്. തെറ്റായ ദിശയില്‍ നിന്ന് വന്ന കാര്‍ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ക്ലീനര്‍ പറഞ്ഞു. കാറില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി.
അനുജയ്ക്ക് കാറില്‍ വച്ച് മര്‍ദനമേറ്റതായി സംശയമുണ്ട്. അമിതവേഗത്തില്‍ പാളിപ്പോയ കാറിന്റെ ഡോര്‍ പലവട്ടം തുറന്നതായി ദൃക്‌സാക്ഷിയായ പഞ്ചായത്ത് അംഗം മൊഴി നല്‍കി. കെ.പി റോഡില്‍ ഏനാദിമംഗലം ഭാഗത്ത് വെച്ച് അമിതവേഗത്തില്‍ പോകുന്ന കാര്‍ പാളിപ്പോകുന്നുണ്ടായിരുന്നു. ഇടക്ക് ഡോര്‍ തുറന്ന് കാല്‍ വെളിയില്‍ വന്നു. മദ്യപസംഘം ആകാം എന്ന നിഗമനത്തിലായിരുന്നു പിന്നാലെ വന്നവര്‍. എന്നാല്‍, ഏഴംകുളം പട്ടാഴിമുക്കില്‍ എത്തിയപ്പോഴേക്കും കാര്‍ ലോറിയില്‍ ഇടിച്ചു കയറ്റി. അനുജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിം ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ മരിച്ചു.