കോഴിക്കോട്: ഭാരതം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച യോഗ ഇന്ന് ലോകത്തിലെ മുഴുവൻ രാഷ്ട്രങ്ങളും ഏറ്റെടുത്തതിൽ ഓരോ ഭാരതീയനും അഭിമാനിക്കാമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്.
യോഗ അഭ്യസിക്കുന്നതിലൂടെ ശരീരത്തിന് മാത്രമല്ല മനസ്സിനും സന്തോഷവും ആരോഗ്യവും പ്രധാനം ചെയ്യുന്ന വ്യായാമമായി യോഗ മാറി. രാഷ്ട്ര പുരോഗതിക്കായാണ് നരേന്ദ്ര മോദി സർക്കാർ യോഗക്ക് ഏറെ പ്രാധാന്യം നൽകിയിരിക്കുന്നത്. “അവനവനും സമാജത്തിനും വേണ്ടി യോഗ” എന്ന മഹത്തായ സന്ദേശമാണ് ഇത്തവണ യോഗാ ദിനത്തിന് നൽകിയിരിക്കുന്നത്. ശാരീരികവും മാനസ്സികവുമായ പുനരുജ്ജീവനത്തിന് സമർപ്പിത പരിശീലനത്തിലൂടെ നിത്യേന യോഗ അഭ്യസിക്കുമ്പോൾ ജീവിതത്തിൻ്റെ എല്ലാ ബുദ്ധിമുട്ടുകൾക്കും പ്രതിസന്ധികൾക്കും സമാധാനവും ഉൻമേഷവും നൽകാൻ സാധിക്കുന്നുണ്ടെന്നും ബി.ജെ.പി.ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി.ജില്ലാ കമ്മറ്റി കാരപ്പറമ്പ് ആശിർവാദ് ലോൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ യോഗദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് എ.പി.അബ്ദുള്ളക്കുട്ടി യോഗ സന്ദേശം നല്‍കി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, മേഖലാ സംഘടനാ സെക്രട്ടറി ജി.കാശിനാഥ്, ജില്ലാവൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി, സെക്രട്ടറിമാരായ ടി.രനീഷ്, പ്രശോഭ് കോട്ടൂളി, അനുരാധ തായാട്ട്, പി.രമണിഭായി,നടക്കാവ് മണ്ഡലം പ്രസിഡൻ്റ് കെ.ഷൈബു, പ്രവീൺ തളിയിൽ, എൻ.പി.പ്രകാശൻ,ജഗന്നാഥന്‍ ബിലാത്തിക്കുളം തുടങ്ങിയവർ സംബന്ധിച്ചു.യോഗാചാര്യന്‍ സുധീര്‍ മാടായി നേതൃത്വം നല്‍കി.