കോഴിക്കോട്: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ സംബന്ധിച്ച് ധനകാര്യവകുപ്പോ ചീഫ് സെക്രട്ടറിയോ രണ്ടിലൊരാള്‍ കളവുപറയുന്നുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് പറയുന്നു. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ച സാഹചര്യമുണ്ടായി. സാമ്പത്തിക സ്ഥിതി മെച്ചമാണെന്ന് ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ സാമ്പത്തിക സര്‍വ്വേ പറയുന്നു. ഇതില്‍ ഏതാണ് ശരിയെന്ന് സര്‍ക്കാര്‍ പറയണം. ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലമാണ് ശരിയെങ്കില്‍ ധനകാര്യ ഉദ്യോഗസ്ഥരുടെ സാമ്പത്തിക സര്‍വ്വേ കളവാണ്. മറിച്ചാണെങ്കില്‍ ചീഫ് സെക്രട്ടറി പറഞ്ഞത് കളളമാണ്. കടമെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് സമരത്തിന് പോകുന്നതില്‍ നിന്നും സംസഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നു വ്യക്തമാണ്. സാമ്പത്തിക നിലസംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കാത്തത് എന്തുകൊണ്ടാണെന്നും സാമ്പത്തിക പ്രതിസന്ധിയില്ലെങ്കില്‍ എന്തിനാണ് കടമെടുക്കുന്നതെന്നും എം.ടി രമേശ് ചോദിച്ചു.
മുഖ്യമന്ത്രിമാരും മന്ത്രിമാരും ഡല്‍ഹിയില്‍ പോകേണ്ടത് സമരംചെയ്യാനല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നന്ദിപറയാനാവണം. കാരണം സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ നാലുമാസം കൊടുക്കേണ്ട തുക മുന്‍കൂര്‍ നല്‍കിയതുകൊണ്ടാണ് കഴിഞ്ഞ മാസങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ശമ്പളം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഗ്യാരൻ്റി പുതിയ കേരളം എന്ന മുദ്രാവാക്യമുയർത്തി എന്‍ഡിഎ ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ ഫെബ്രുവരി 20 ന് നടക്കും. പദയാത്രയുടെ സംഘാടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.പി.മോഹന്‍ദാസ് ചെയര്‍മാനായി വിവിധ കമ്മറ്റികളിലായി 1001 പേര്‍ സംഘാടകസമിതിയില്‍ അംഗമാവും. ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാര്‍, കെ.നാരായണന്‍, അഡ്വ വി.പി ശ്രീപത്മനാഭന്‍, ഇ.പ്രശാന്ത് കുമാര്‍, എം.മോഹനന്‍, അഡ്വ.കെ.വി സുധീര്‍, ടി.ബാലസോമന്‍, എം.സി.ശശീന്ദ്രന്‍, ടി.വി ഉണ്ണികൃഷ്ണന്‍, അജയ് നെല്ലിക്കോട്, ടി.പി. സുരേഷ്, ശശീന്ദ്രന്‍ കൈപ്പുറത്ത്, ജയാസദാനന്ദന്‍, സതീഷ് പാറന്നൂര്‍, സന്തോഷ് കാളിയത്ത്, വിജയന്‍ താനാളില്‍, അരുണ്‍ കാളക്കണ്ടി തുടങ്ങിയവര്‍ വിവിധ കമ്മറ്റികളെ നയിക്കും.
20ന് മുതലക്കുളത്ത് നിന്നും ആരംഭിക്കുന്ന കേരള പദയാത്ര അരീക്കാടിൽ സമാപിക്കും.കേന്ദ്ര സംസ്ഥാന നേതാക്കളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പൗരപ്രമുഖരും കേരള പദയാത്രയിൽ അണിനിരക്കും