Wednesday, December 4, 2024
GeneralLatest

ഡോ. വര്‍ഗീസ് കുര്യന്റെ പേരില്‍ പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി


കോഴിക്കോട്: ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ തപാല്‍ വകുപ്പ് പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി. മലബാര്‍ മില്‍മയുമായി സഹകരിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ പോസ്റ്റല്‍ കവറിന്റെ പ്രകാശനം പെരിങ്ങളത്തെ മില്‍മ ഹെഡ് ഓഫീസിലെ എ.പി. ബാലകൃഷണന്‍ നായര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണിക്ക് നല്‍കി ഉത്തര മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മല ദേവി നിര്‍വഹിച്ചു.
 ധവള വിപ്ലവത്തിലൂടെ രാജ്യത്തെ ഉന്നതിയിലേക്ക്  നയിച്ച മഹത് വ്യക്തിയാണ് ഡോ. വര്‍ഗീസ് കുര്യനെന്ന്  നിര്‍മല ദേവി പറഞ്ഞു. തന്റെ സ്വപ്‌നങ്ങള്‍ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍  രാജ്യത്തെ ലക്ഷോപലക്ഷം ക്ഷീര കര്‍ഷകരുടെ ജീവിതം ഇരുള്‍ നീങ്ങി ശോഭനമായി. ആശയങ്ങളും കാഴ്ചപ്പാടുകളും ഏറെ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും ഇറങ്ങി പ്രവര്‍ത്തിച്ച് പൊതു നന്മക്കായി അത് യാഥാര്‍ത്ഥ്യമാക്കണം. അതാണ് ഡോ. വര്‍ഗീസ് കുര്യന്‍ ചെയ്തത്. പോസ്റ്റല്‍ കവര്‍ മാത്രമല്ല ഡോ. വര്‍ഗീസ് കുര്യന്റെ പേരില്‍ സ്റ്റാമ്പും ഇറക്കാനാവണം. അതിനായുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണമെന്നും പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ പറഞ്ഞു.
ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷത വഹിച്ചു.ജന്മനാട്ടില്‍ ഡോ. വര്‍ഗീസ് കുര്യന് ഉചിതമായ  സ്മാരകം ഉണ്ടാവണം. അതിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങിയതായും കെ.എസ് മണി പറഞ്ഞു.
 പോസ്റ്റ് ഓഫീസസ് സീനിയര്‍ സൂപ്രണ്ട് കെ. സുകുമാരന്‍ സംസാരിച്ചു. മലബാര്‍ മില്‍മയുടെയും കെ.സിഎം.എംഎഫിന്റെയും ഡയറക്ടറായ പി. ശ്രീനിവാസന്‍ മാസ്റ്റര്‍ സ്വാഗതവും മലബാര്‍ മില്‍മ  മാനെജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി നന്ദിയും പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളജിലെ ഡയറി സയന്‍സ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും ഡോ. വര്‍ഗീസ് കുര്യന്റെ പ്രിയപ്പെട്ട ഗാനത്തെ ആസ്പദമാക്കി സമര്‍പ്പണ അക്കാദമി ഓഫ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗുജറാത്തി ഡാന്‍സും അരങ്ങേറി.

Reporter
the authorReporter

Leave a Reply